ഹറം പള്ളിയില്‍ ഇഅതികാഫിനുള്ള ബുക്കിംഗ് നടപടികള്‍ പ്രഖ്യാപിച്ചു
മക്ക: റമദാനില്‍ മക്കയിലെ ഹറം പള്ളിയില്‍ ഇഅതികാഫ് ഇരിക്കാനുള്ള റെജിസ്ട്രേഷന്‍ നടപടികള്‍ റമദാന്‍ ഒന്നിന് ആരംഭിക്കുമെന്ന് ഹറംകാര്യാലയം അറിയിച്ചു. റമദാന്‍ അഞ്ച് വരെ ബുക്കിങ് തുടരും. ഹറംകാര്യ വിഭാഗത്തിന്‍റെ മൊബൈല്‍ ആപ്പ് വഴിയോ വെബ്സൈറ്റ് (https://gph.gov.sa) വഴിയോ ആണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടാതെ ഹറമിന്‍റെ പടിഞ്ഞാറ് കിങ് അബ്ദുല്ല ഗേറ്റിന് (ഗേറ്റ് 119) മുമ്പില്‍ ബുക്കിങ്ങിനായി പ്രത്യേക കൌണ്ടറും പ്രവര്‍ത്തിക്കും.
ഹറംകകാര്യ വകുപ്പ് ജീവനക്കാരുമായി എല്ലാ വിശ്വാസികളും സഹകരിക്കണമെന്നും, ഇഅതികാഫുമായി ബന്ധപ്പെട്ട മാര്‍ഗ നിര്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വിശ്വാസികളുടെ സാധനങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ ഉത്തരവാദിത്തം ഹറം കാര്യാലയത്തിന് ഉണ്ടായിരിക്കില്ല എന്നും ഹറം കാര്യാവിഭാഗം അറിയിച്ചു.
റമദാനിലെ അവസാന പത്തില്‍ മാത്രമാണു ഇഅതികാഫിനുള്ള അനുമതി നല്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ട് വര്‍ഷവും ഹറം പള്ളികളില്‍ ഇഅതികാഫിന് അനുമതി നല്‍കിയിരുന്നില്ല.