വധശിക്ഷ നടപ്പാക്കിയ ശേഷം പ്രതി നിരപരാധിയെന്ന് കണ്ടെത്തൽ; വൈകാരിക രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് കോടതി
ഡാലസ്: 1954ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാലസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് ഇക്കാര്യം അറിയിച്ചത്.
1953ൽ ഒരു യുവതി കൊല്ലപ്പെട്ട കേസിൽ 19 വയസ്സുകാരനായ ടോമി വാക്കറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്കാലത്ത് വെളുത്ത വർഗക്കാർ മാത്രമുള്ള ജൂറിയാണ് അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചത്.പൊലീസ് വാക്കറെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്നും തെറ്റായ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഇപ്പോഴത്തെ ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ ക്രൂസോട്ട് വെളിപ്പെടുത്തി. കേസിന്റെ ഭാഗമായി അന്ന് നൂറുകണക്കിന് കറുത്തവർഗക്കാരെ അനാവശ്യമായി ചോദ്യം ചെയ്തിരുന്നു.
1954ൽ ഇലക്ട്രിക് ചെയർ ഉപയോഗിച്ച് വാക്കറുടെ വധശിക്ഷ നടപ്പാക്കി. ‘മറ്റാരോ ഇരിക്കേണ്ട കസേരയിലാണ് നിങ്ങൾ എന്നെ ഇരുത്തുന്നത്, ഞാൻ നിരപരാധിയാണ്’ എന്നായിരുന്നു മരിക്കുന്നതിന് മുൻപ് അദ്ദേഹം പറഞ്ഞിരുന്നതെന്ന് വാക്കറുടെ മകൻ ഓർക്കുന്നു. കോടതി മുറിയിൽ വാക്കറുടെ പേര് കളങ്കരഹിതമായി പ്രഖ്യാപിച്ചപ്പോൾ വൈകാരികമായ രംഗങ്ങളാണ് അരങ്ങേറിയത്.


