സ്വർണവില കത്തുന്നു; കേരളത്തിൽ ഒറ്റദിവസം ഇത്രയും വില കൂടുന്നത് ഇതാദ്യം
ഇന്ന് രണ്ട് തവണയായി സ്വർണത്തിനു വില വർധിച്ചത് 5,480 രൂപ. ഇതുപോലൊരു വർധന ഒറ്റദിവസം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. മുൻപ് പലതവണ രാജ്യാന്തര വിലയിൽ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയ മാറ്റമുണ്ടാകുന്നത് ഇതാദ്യം.
സ്വർണവില ചരിത്രത്തിലെങ്ങുമില്ലാത്ത വിധം കേരളത്തിലും ആഗോളതലത്തിലും കുതിച്ചുകയറുന്നു. സ്വർണം വാങ്ങാൻ കൊതിക്കുന്ന സാധാരണക്കാരാണ് കൂടുതൽ പ്രതിസന്ധിയിലാകുന്നത്. ഇനി എന്ന് സ്വർണാഭരണം വാങ്ങാൻ കഴിയും? വില കുറഞ്ഞിട്ട് വാങ്ങാനായി കാത്തിരിക്കുകയാണോ? ഭീമ ഗ്രൂപ്പ് ചെയർമാനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ മനോരമ ഓൺലൈനിനോട് പറയുന്നത് ഇങ്ങനെ:
‘‘ സ്വർണവിലയിൽ സമീപകാലത്ത് വലിയ കുറവുണ്ടാകുമെന്ന പ്രതീക്ഷ വേണ്ട. ചെറിയ തിരുത്തലുകൾ ഉണ്ടായേക്കാം. എന്നാൽ വലിയ കുറവ് പ്രതീക്ഷിക്കുന്നില്ല. ഇത് മനസിലാക്കി സ്വർണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കേരളത്തിൽ കൂടിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലുള്ളവർ ഈ സാധ്യത മനസ്സിലാക്കുന്നില്ല. ഇപ്പോഴത്തെ വിലയിൽ സ്വർണം വാങ്ങി അടുത്ത വർഷം വിറ്റാലും ലാഭമാണ്. സ്വർണനാണയം, ബുള്ള്യൻ എന്നിവയിലാണ് ഇത്തരക്കാർ നിക്ഷേപിക്കുന്നത്’’.


