ബസിൽ ലൈംഗികാതിക്രമമെന്ന് ആരോപണം; യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ ജീവനൊടുക്കി യുവാവ്

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബസിനുള്ളിൽ ദീപക് ലൈംഗിക അതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങൾ ചിത്രീകരിച്ച യുവതി ആരോപിച്ചത്.

വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു. ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പൊലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

∙ വിഡിയോ കണ്ടത് 23 ലക്ഷം പേർ
 കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയിൽ പ്രവർത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരിൽ പോയിരുന്നു. ഈ സമയം ബസിൽ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരിൽനിന്ന് ഇത്തരത്തിൽ വിഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തിൽ ആയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്.

വിഡിയോ സംബന്ധിച്ച വിഷമം ദീപക് ചില സുഹൃത്തുക്കളുമായി ശനിയാഴ്ച വൈകിട്ട് ഫോണിലും മറ്റും സംസാരിച്ചിരുന്നു. യുവാവിനെക്കുറിച്ച് ഇതുവരെ മോശമായി ഒന്നും കേട്ടിട്ടില്ലെന്നാണ് ദീപക് ഏഴു വർഷമായി ജോലി ചെയ്യുന്ന സ്ഥാപന ഉടമ പ്രതികരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

Share
error: Content is protected !!