വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവം: തീ പടർന്നത് സ്വിച്ച് ബോർഡിൽ നിന്ന്

തിരുവനന്തപുരം: കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിലേക്ക് നയിച്ച തീപിടിത്തത്തിന് കാരണം സ്വിച്ച് ബോര്‍ഡിലെ തകരാറാണെന്ന് അഗ്നിശമന സേന റിപ്പോർട്ട് നൽകി. വീട്ടിലെ കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടരുകയായിരുന്നു. ഹാളില്‍നിന്ന് പുക മുറികളിലേക്ക് പടര്‍ന്നു. ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, തീപിടിത്തത്തിന്റെ കാരണം അറിയില്ലെന്നാണ് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന നിഹുലിന്റെ മൊഴി. അയല്‍വീട്ടില്‍നിന്ന് ഫോണ്‍ വന്നപ്പോഴാണ് തീപിടിത്തം അറിയുന്നത്. വീടിന് പുറത്ത് പുകയും തീയും ഉയരുന്നതാണ് ആദ്യം കണ്ടതെന്നും നിഹുൽ പൊലീസിന് മൊഴി നല്‍കി. അപകടം ആസൂത്രിതമല്ലെന്ന നിഗമനം ശരിവയ്ക്കുന്നതാണ് നിഹുലിന്റെ മൊഴിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

വര്‍ക്കലയിലെ വന്‍ദുരന്തം ആ വീട്ടില്‍ അവശേഷിപ്പിച്ച ഏകയാള്‍ നിഹിലാണ്. നിഹിലിന്റെ ഭാര്യയും കുഞ്ഞും അച്ഛനും അമ്മയും സഹോദരനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് 22 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന നിഹില്‍ സംസാരിക്കാനാവുന്ന അവസ്ഥയിലേക്കെത്തിയതേയുള്ളു.

മാർച്ച് എട്ടിന് പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തീപിടിത്തത്തിൽ വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഹില്‍ (25), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ നിഹുല്‍ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്തമകന്‍ രാഹുലും കുടുംബവും വിദേശത്തായിരുന്നു.

പുലർച്ചെ ഒന്നരയോടെ അയൽവാസി കെ.ശശാങ്കനാണ് പ്രതാപന്റെ വീടിന്റെ കാർപോർച്ചിനു തീപിടിച്ചതുകണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ വീടിനു ചുറ്റും എത്തുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന നാലു ബൈക്കും കത്തിയിരുന്നു. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിലേക്കു കയറിയത്.

വാർത്തകൾ നേരിട്ടറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!