ക്ഷേത്ര പരിസരത്ത് മുസ്ലിം കച്ചവടക്കാർക്ക് വിലക്ക്; എതിർപ്പുമായി ബിജെപി ജനപ്രതിനിധികൾ

കര്‍ണാടകയില്‍ ക്ഷേത്ര പരിസരത്ത് മുസ്ലിം കച്ചവടക്കാരെ വിലക്കുന്നത് വ്യാപകമായ സാഹചര്യത്തിൽ, എതിർപ്പുമായി ബിജെപി ജനപ്രതിനിധികൾ.  എംഎല്‍സി എഎച്ച് വിശ്വനാഥ്, എംഎല്‍എ അനില്‍ ബനേക എന്നിവരാണ് വിവാദ വിഷയത്തിൽ എതിർപ്പുമായി എത്തിയത്. ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്ന ഈ പ്രവൃത്തിയിൽ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.

‘ഭ്രാന്താണ് ഇതെല്ലാം. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നില്ല. എല്ലാം ഉള്‍ക്കൊള്ളുന്നതാവണം മതങ്ങള്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് അറിയില്ല.’ എ എച്ച് വിശ്വനാഥ് പറഞ്ഞു. ഇംഗ്ലണ്ടില്‍ എത്ര ഇന്ത്യക്കാരുണ്ട്? ലോകമെമ്പാടും എത്ര ഇന്ത്യക്കാരുണ്ട്? മുസ്ലീം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു? ഇവരെല്ലാം നമുക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍, ഇതെല്ലാം എവിടെ അവസാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.

‘ഇന്ത്യ-പാകിസ്താന്‍ വിഭജനം നടന്നപ്പോള്‍ ഇവിടുത്തെ മുസ്ലീങ്ങള്‍ ഇന്ത്യ തെരഞ്ഞെടുത്തു. അവര്‍ ജിന്നയുടെ കൂടെ പോയിട്ടില്ല. ഇതിനെക്കുറിച്ച് നാം ചിന്തിക്കണം. ഇന്ത്യക്കാരാകാന്‍ അവര്‍ ഇവിടെ തുടര്‍ന്നു. അവര്‍ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ലെന്നും വിശ്വനാഥ് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് അവര്‍ മുസ്ലീം കച്ചവടക്കാരെ ലക്ഷ്യമിടുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത് വളരെ ഖേദകരമാണ്. സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാഹിത്യകാരന്‍ കൂടിയായ വിശ്വനാഥ് കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുമായി തെറ്റിപ്പിരിഞ്ഞായിരുന്നു കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങിയത്. പിന്നീട് ബിജെപിയെയും ബി എസ് യദ്യൂരപ്പയെയും അധികാരത്തിലെത്തിക്കാനായി 2019ലാണ് അദ്ദേഹം ജെഡിഎസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയത്. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മന്ത്രി പദവി നിഷേധിക്കപ്പെട്ടെങ്കിലും പകരം കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു.

സമാനമായാണ് ബെല​ഗവി നോർത്ത് മണ്ഡലത്തിലെ എംഎൽഎയായ അനിൽ ബെനേക്കും പ്രതികരിച്ചത്. ഇത്തരം വിലക്കുകൾ അനുവദിക്കാനില്ലെന്നും ആളുകൾ എവിടെ നിന്ന് എന്ത് വാങ്ങണമെന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണെന്നും അതിൽ ഇടപെടാനാവില്ലെന്നും അനിൽ ബനെക് പറ‍ഞ്ഞു. മുസ്ലിം വോട്ടുകള്‍ക്ക് നിര്‍ണായ ശക്തിയുള്ള മണ്ഡലത്തിലെ എംഎല്‍എയാണ് ബനേക്.

വിശ്വ ഹിന്ദു പരിഷത്ത്, ബജ്രം​ഗ്ദൾ, ശ്രീരാമ സേന തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ ആവശ്യ പ്രകാരമാണ് ഉഡുപ്പി, ശിവമോ​ഗ തുടങ്ങിയിടങ്ങളിലെ ക്ഷേത്ര പരിസരത്ത് മുസ്ലിങ്ങളായ കച്ചവടക്കാരെ തടഞ്ഞത്. കർണാടകയിലെ മറ്റിടങ്ങളിലും സമാന ആവശ്യം ഉയരുന്നുണ്ട്.

വാർത്തകൾ നേരിട്ടറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc‌

Share
error: Content is protected !!