ദിലീപിനെതിരെ നിർണായക നീക്കങ്ങൾ; ചോദ്യം ചെയ്യൽ നാളെയും തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറര മണിക്കാണ് പൂര്‍ത്തിയായത്. ആലുവ പൊലീസ് ക്ലബില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യൽ നാളെയും തുടരുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ദിലീപ് മറുപടി നല്‍കുന്നുണ്ടെന്നും എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും ദിലീപ് വാദിച്ചു.
പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് അന്വേഷണസംഘം നല്കുന്ന വിവരം. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തത്. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ദിലീപിന്റെ ഫോണിലെ ഫൊറന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കേസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുമെന്നാണ് സൂചന.
വാർത്തകൾ നേരിട്ടറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc