“കുടുംബജീവിതം ശക്തിപ്പെടുത്തണം”; യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തിൽ മാറ്റംവരുത്തി അതോറിറ്റി
ദുബൈ: യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയമാറ്റത്തിന് അംഗീകാരം. 2026 ജനുവരി 2 മുതൽ ഉച്ചയ്ക്ക് 12.45നാണ് പ്രാർഥനാ സമയം ക്രമീകരിച്ചിട്ടുള്ളത്. ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ്സ് ആൻഡ് സക്കാത്ത് ജനറൽ അതോറിറ്റിയാണ് ആ വിവരം പുറത്തുവിട്ടതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏകദേശം നാല് വർഷത്തെ പഠനത്തിന് ശേഷമാണ് അതോറിറ്റി ഇത്തരത്തിലൊരു തീരുമാനം പുറത്തുവിട്ടത്.
യുഎഇയിലെ സമൂഹത്തിൻ്റെയും കുടുംബ ജീവിതത്തിൻ്റെയും വികസിച്ചുകൊണ്ടിരിക്കുന്ന രീതികളുമായി വെള്ളിയാഴ്ച പ്രാർഥനയുടെ മതപരമായ ആചാരത്തെ സമന്വയിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ മാറ്റത്തിന് കാരണമായതെന്ന് അതോറിറ്റി ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദരായ് വിശദീകരിച്ചു.
“വെള്ളിയാഴ്ച പ്രാർഥന ഉച്ചയ്ക്ക് 1.30 ന് നടത്തുന്നത് സ്വീകാര്യമാണ്. അത് ഉച്ചയ്ക്ക് 12.45 ലേക്ക് മാറ്റുന്നതും ശര തന്നെയാണ്. ഈ മാറ്റം മതപരമായ തീരുമാനത്തിൻ്റെ ഭാഗമല്ല. മറിച്ച് സമൂഹത്തിന് വേണ്ടിയാണ്. പ്രാർഥനാ സമയം കഴിഞ്ഞാൽ ആളുകൾക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. ഇതുവഴി സാമൂഹിക ബന്ധങ്ങൾ ശക്തമാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ഡോ. അൽ ദരായ് പറഞ്ഞു.


