തുടക്കം കശ്മീരിലെ റോഡരികിലെ പോസ്റ്ററിൽ നിന്ന്, ചുരുളഴിഞ്ഞത് വൻ ഭീകരാക്രമണ പദ്ധതി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ നൗഗാം മേഖലയിൽ ഒക്ടോബർ പകുതിയോടെ റോഡരികിൽ ചില പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളായിരുന്നു ഇവ.
ജനങ്ങൾ സുരക്ഷാ സേനയുമായി സഹകരിച്ചാൽ പ്രത്യാഘാതം നേരിടുമെന്നായിരുന്നു ഉർദുവിൽ എഴുതിയ പോസ്റ്ററിലെ മുന്നറിയിപ്പ്. ആരാണ് പോസ്റ്റർ ഒട്ടിച്ചത് എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുമ്പോൾ പൊലീസ് കരുതിയിരുന്നില്ല, രാജ്യമാകെ വലവിരിച്ച ഭീകര ശൃംഖലയ്ക്കു പിന്നാലെയുള്ള യാത്രയുടെ തുടക്കമാവും അതെന്ന്.
ഒക്ടോബർ 19നാണ് നൗഗാമിൽ ജയ്ഷെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അന്വേഷണത്തിൽ ആദ്യം അറസ്റ്റു ചെയ്തത് ഷോപിയാനിൽ പ്രവർത്തിക്കുന്ന ഇർഫാൻ അഹമ്മദ് എന്നയാളെയും ശ്രീനഗറിലെ ഒരു പാരാമെഡിക്കൽ ജീവനക്കാരനെയുമാണ്.
ഡോക്ടർമാരെ ഭീകര പ്രവർത്തനങ്ങളിലേക്ക് അടുപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നത് ഇർഫാൻ അഹമ്മദാണെന്നു പൊലീസ് പിന്നീട് കണ്ടെത്തി. ഇർഫാനെ ചോദ്യംചെയ്തതിൽ നിന്നാണ് വിശദവിവരങ്ങൾ ലഭിച്ചത്. സംഘാംഗങ്ങളുടെ ആശയവിനിമയ രീതികളും സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ നടത്തുന്ന നീക്കങ്ങളും മനസ്സിലാക്കി.
നവംബർ 5ന് യുപിയിലെ സഹറൻപുരിൽ നിന്ന് ഡോ. അദീൽ അഹമ്മദ് റാത്തറിനെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തു. റാത്തറിനെ ശ്രീനഗറിലെത്തിച്ചു ചോദ്യംചെയ്തപ്പോഴാണ് ഫരീദാബാദിലെ ഡോ. മുസമ്മിൽ ഷക്കീലിന്റെയും ഡോ. ഷഹീൻ സയീദിന്റെയും വിവരം ലഭിക്കുന്നത്.
നവംബർ എട്ടിന് ജമ്മു കശ്മീർ പൊലീസ് ഫരീദാബാദിലെത്തി ഹരിയാന പൊലീസിന്റെ സഹായത്തോടെ ഡോ. മുസമ്മിൽ ഷക്കീലിനെ അറസ്റ്റു ചെയ്തു. അൽ–ഫലാ സർവകലാശാലയിലായിരുന്നു മുസമ്മിൽ ഷക്കീൽ ജോലിചെയ്തിരുന്നത്. ഇയാളെ ശ്രീനഗറിലേക്കു കൊണ്ടുവന്നു. അദീലിന്റെ അനന്ത്നാഗിലെ താമസസ്ഥലത്തെ ലോക്കറിൽ നിന്ന് എകെ47 തോക്ക് ലഭിച്ചു. തുടർന്നാണ് വലിയതെന്തോ സംഘം പദ്ധതിയിടുന്നുണ്ടെന്ന സൂചന ലഭിക്കുന്നത്.
….


