രണ്ട് വയസ്സുകാരൻ്റെ മൂക്കിൽ നിന്ന് നിലക്കടല കുരു പുറത്തെടുത്തു
വിട്ടുമാറാത്ത ജലദോഷവും പഴുപ്പുമായി രണ്ട് വയസ്സുകാരനേയും കൊണ്ട് നിരവധി ആശുപത്രികൾ കയറി ഇറങ്ങിയിട്ടുണ്ട് കൊടുങ്ങല്ലൂർ കളിമുട്ടം സ്വദേശികളായ മാതാ-പിതാക്കൾ. ഒടുവിൽ രക്ഷകനായത് കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ. പരിശോധനയിൽ കുട്ടിയുടെ മൂക്കിൽ എന്തോ കുരുങ്ങി കിടക്കുന്നതായി ഡോക്ടർ കണ്ടെത്തി. തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്തിൽ കുളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻറ് സർജനും ഇ.എൻ.ടി സ്പെഷ്യലിസ്റ്റുമായ എറണാകുളം സ്വദേശി ഡോക്ടർ ഫാരിസിന്‍റെ പ്രയത്നത്തിലൂടെ കുട്ടിയുടെ മൂക്കിൽ നിന്ന് പുറത്തെടുത്തത് നിലക്കടല കുരു.
കുളിമുട്ടം പൊക്കളായിയിലെ ഓട്ടോറിക്ഷ ഡ്രൈവർ പണിക്കവീട്ടിൽ സുബീഷ് – നീതു ദമ്പതികളുടെ മകൻ പ്രയാഗിന്‍റെ മൂക്കിനുള്ളിലാണ് പുറത്തേക്ക് കാണാത്ത വിധം നിലക്കടല കുരുങ്ങിയിരുന്നത്.
ദിവസങ്ങളായി അനുഭപ്പെടുന്ന പഴുപ്പിനും ജലദോഷത്തിനും ഫിസിഷ്യൻ ഉൾപ്പെടെ മറ്റു പല ഡോക്ടർമാരും നിർദേശിച്ചത് ആൻറിബയോട്ടിക്കും തുള്ളിമരുന്നും സിറപ്പും മാത്രമായിരുന്നു. ഇത് കൊണ്ടൊന്നും രോഗശമനം ഇല്ലാതെ വന്നപ്പോൾ പുതിയ മരുന്ന് വല്ലതും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടിയുമായി വീട്ടുകാർ ഡോ. ഫാരിസിനെ സമീപിച്ചത്.