മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ; 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. ‘ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി.

‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘മഞ്ഞുമ്മല്‍ ബോയിസ്’ സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമനിച്ചി ഫാത്തിമ’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അഭിനയത്തിന് സിദ്ധാർത്ഥ് ഭരതനും മഞ്ഞുമ്മല്‍ ബോയ്സിലെ അഭിനയത്തിന് സൗബിൻ ഷാഹിറും മികച്ച സ്വഭാവനടന്മാരായും ‘നടന്ന സംഭവം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലിജോമോൾ ജോസ് മികച്ച സ്വഭാവനടിയായും തെരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം), ടൊവിനോ തോമസ് (എആർഎം), ജ്യോതിർമയി (ബോഗെയ്ൻവില്ല), ദർശന രാജേന്ദ്രന്‍ (പാരഡൈസ്) എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. ‘പാരഡൈസ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രസന്ന വിതാനഗെ, നിർമാതാക്കളായ ആന്റോ ചിറ്റിലപ്പിള്ളി, സനിത ചിറ്റിലപ്പിള്ളി എന്നിവർക്കും പ്രത്യേക പരാമർശമുണ്ട്.

Share
error: Content is protected !!