സൌദിക്ക് നേരെ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണം. സമാധാന ചര്‍ച്ചയോട് മുഖം തിരിച്ച് ഹൂതികള്‍

റിയാദ്: ഈ മാസാവസാനം റിയാദില്‍ യമന്‍ സമാധാന ചര്‍ച്ചയ്ക്കുള്ള ശ്രമം നടക്കുന്നതിനിടെ സൌദിക്ക് നേരെ ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണം. സമാധാന ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ച ഹൂതികള്‍ 4 തവണയാണ് സൌദിയുടെ തെക്കന്‍ മേഖലയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഡ്രോണുകള്‍ തകര്‍ത്തതായും ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൌദി സഖ്യസേന വെളിപ്പെടുത്തി.

യമനിലെ സനാ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്ന് സൌദി പ്രസ്സ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അൽ-ഷഖീഖിലെ ഒരു ജലശുദ്ധീകരണ പ്ലാന്റ്, ജസാനിലെ എണ്ണക്കമ്പനിയായ അരാംകോ, ദഹ്‌റാൻ അൽ ജനുബ് നഗരത്തിലെ പവർ സ്റ്റേഷൻ, ഖമീസ് മുഷെയ്ത് നഗരത്തിലെ ഗ്യാസ് സ്റ്റേഷൻ, യാൻബുവിലെ അരാംകോ പ്ലാന്റ് തുടങ്ങിയവയാണ് ഹൂതികള്‍ ലക്ഷ്യമിട്ടത്.

സൌദിയുടെ സാമ്പത്തിക സ്രോതസ്സുകള്‍  ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായും പടിഞ്ഞാറൻ സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തുള്ള വ്യാവസായിക നഗരമായ യാൻബുവിലെ അരാംകോ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) കേന്ദ്രത്തിന് നേരെയുള്ള ആക്രമണം  പരാജയപ്പെടുത്തിയതായും സഖ്യസേന അറിയിച്ചു.

ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചില വാഹനങ്ങളും വീടുകളും ആക്രമണങ്ങളില്‍ തകര്‍ന്നു.

മാർച്ച് 29 മുതൽ റിയാദിൽ നടക്കുന്ന യെമൻ സംഘർഷത്തെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാനുള്ള  ഗൾഫ് സഹകരണ കൗൺസിലിന്റെ ക്ഷണം ഈ ആഴ്ച ആദ്യം ഹൂതികൾ നിരസിച്ചിരുന്നു.

2014 പകുതി മുതൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണച്ച് ഹൂതികൾക്കെതിരെ രക്തരൂക്ഷിതമായ പോരാട്ടത്തിൽ ഏര്‍പ്പെട്ടിരിക്കുകയാണ് സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന.

ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിഷ്യ പലപ്പോഴും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. കൂടാതെ യു.എ.ഇക്കു നേരെയും സമീപകാലത്ത് ആക്രമണം ഉണ്ടായി.

Share
error: Content is protected !!