മകനേയും കുടുംബത്തേയും ചുട്ട് കൊന്ന പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. പോലീസ് കസ്റ്റഡിയിലും മട്ടനും മീനും വേണം
തൊടുപുഴയിലെ ചീനക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന പ്രതി ഹമീദിനെ തെളിവെടുപ്പിന് കൊണ്ട് വന്നപ്പോൾ പ്രതിഷേധം അണപൊട്ടി. ശാപ വാക്കുകളുമായി സ്ത്രീകളടക്കമുള്ളവർ സ്ഥലത്ത് തടിച്ചുകൂടി. ‘അവനെ ആദ്യം അടിച്ചു കൊല്ലണം, അവനെ വിടരുത്’ എന്നു പറഞ്ഞാണ് നാട്ടുകാർ ഇയാൾക്കു ചുറ്റും കൂടിയത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന എന്നിവർ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫൈസലിന്റെ പിതാവ് എഴുപത്തിയൊന്‍പതുകാരനായ പ്രതി ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൂട്ടക്കൊല നടത്തിയത്.
ഇത്രയും ക്രൂരമായ കൊലപാതം നടത്തിയിട്ടും ഒട്ടും കുറ്റബോധമില്ലാതെയാണ് പ്രതിയായ പിതാവ് ഇപ്പോഴും കഴിഞ്ഞ് കൂടുന്നത്. കസ്റ്റഡിയിൽ ഇരിക്കുമ്പോഴും പ്രതി രാവിലെയും ഉച്ചയ്ക്കും വയറുനിറച്ചു ഭക്ഷണം കഴിച്ചു. മട്ടനും മീനും അടങ്ങിയ ഭക്ഷണം വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
തെളിവെടുപ്പിന് എത്തിച്ചപ്പോഴും ഭാവവ്യത്യാസമില്ലാതെ നടന്ന കാര്യങ്ങള്‍ പ്രതി വിശദീകരിച്ചെന്നു പൊലീസ് പറഞ്ഞു. സ്വത്തു തർക്കത്തിന്റെ പേരിൽ ഫൈസലിനെയും കുടുംബത്തെയും ജീവനോടെ കത്തിക്കുമെന്നു ഹമീദ് പലപ്പോഴും ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്നു നാട്ടുകാരും ബന്ധുക്കളും പൊലീസും കരുതിയുമില്ല. ഹമീദ് വധഭീഷണി മുഴക്കിയെന്നു കാണിച്ചു ഫെബ്രവരി 25നു ഫൈസൽ തൊടുപുഴ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിച്ചുവിട്ടു. പക്ഷേ ഹമീദിന്റെ മനസ്സിലെ പക കെട്ടടങ്ങിയില്ല. ഇവരെ കൊല്ലാന്‍ ഹമീദ് പദ്ധതികള്‍ തയാറാക്കി.
മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ചു രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൂട്ടക്കൊല നടത്തിയത്. കൊടും കുറ്റവാളികള്‍ നടത്തുന്ന മുന്നൊരുക്കള്‍ പോലെ മകനെയും കുടുംബത്തെയും കൊല്ലാന്‍ ഹമീദ് തയാറാക്കിയ പദ്ധതികള്‍ അന്വേഷണ സംഘത്തെ ഞെട്ടിച്ചു. മകനെയും കുടുംബത്തെയും തീയിട്ടു കൊന്നെന്ന്, സംഭവത്തിനുശേഷം ബന്ധുവീട്ടിൽ എത്തിയപ്പോൾ അവരോട് ഇയാൾ തുറന്നു പറഞ്ഞെന്നു പൊലീസ് പറയുന്നു. തുടർന്നു പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്ന് അറിയിച്ച് അവിടെനിന്ന് ഇറങ്ങുകയായിരുന്നു.
നല്ല ഭക്ഷണം കിട്ടുന്നില്ലെന്നു പറഞ്ഞ് വീട്ടിൽ ഹമീദ് വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പൊലീസിനോടു പറഞ്ഞു. ‘ജയിലിൽ പോലും ആഴ്ചയിലൊരിക്കൽ മട്ടൻ വിളമ്പും, അതുപോലും വാങ്ങിത്തരാറില്ല’ എന്നു കഴിഞ്ഞദിവസം ഹമീദ് പറഞ്ഞിരുന്നതായി പരിസരത്തുള്ളവർ വെളിപ്പെടുത്തി. സമീപ പ്രദേശങ്ങളിൽ പെട്രോൾ പമ്പുകളില്ലാതിരുന്നതിനാൽ പെട്രോൾ ശേഖരിച്ച് ആവശ്യക്കാർക്ക് അൽപം വില കൂട്ടി വിൽക്കുന്ന പരിപാടി ഹമീദ് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.
പെട്രോളിന്റെ ജ്വലനശേഷിയെക്കുറിച്ച് ഇയാൾക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. അര ലീറ്ററിന്റെ ശീതളപാനീയ കുപ്പികളിൽ കാൽ ഭാഗം മാത്രം പെട്രോൾ നിറച്ച ശേഷം മുകളിൽ തുണി തിരുകി കത്തിച്ചാണു മുറിയിലിട്ടത്. കുപ്പി പൂർണമായും നിറച്ചാൽ തീ കൊടുത്ത ഉടനെ പൊട്ടിത്തെറിക്കുമെന്നു പ്രതിക്ക് അറിയാമായിരുന്നു. ഇത്തരത്തിൽ 4 കുപ്പികൾ ഇയാളുടെ മുറിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. മുൻകരുതലുകൾ സ്വീകരിച്ചിരുന്നെങ്കിലും കൃത്യത്തിനിടെ ഹമീദിന്റെ വലതു കാൽപാദത്തിൽ പൊള്ളലേറ്റു.
ഹമീദിന്റെ പിതാവ് മക്കാർ, കൊച്ചുമകൻ ഫൈസലിന് ഇഷ്ടദാനമായി നൽകിയ സ്വത്ത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തർക്കം. ഫൈസലും കുടുംബവും കിടന്നിരുന്ന മുറി വെള്ളിയാഴ്ച അർധരാത്രിക്കു ശേഷം പുറത്തുനിന്നു പൂട്ടി ജനൽ വഴിയും മേൽക്കൂര വഴിയും പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. വെള്ളമൊഴിച്ചു തീ കെടുത്താതിരിക്കാൻ വീട്ടിലേക്കുള്ള ശുദ്ധജല കണക്‌ഷൻ വിഛേദിച്ചിരുന്നു. തീ പടർന്നതോടെ ഫൈസലും ഭാര്യയും മക്കളും ശുചിമുറിക്കുള്ളിൽ കയറി കതകടച്ചു. ടാപ്പ് തുറന്നെങ്കിലും വെള്ളമില്ലായിരുന്നു. ചെറിയ കുപ്പികളിൽ പെട്രോൾ നിറച്ച് ഹമീദ് ഇവിടേക്കും എറിഞ്ഞു. തീ പടർന്നതോടെ 4 പേരും ശുചിമുറിക്കുള്ളിൽത്തന്നെ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചു.
ഉറക്കത്തിലായിരുന്ന മുഹമ്മദ് ഫൈസലും കുടുംബവും മുറിക്കുള്ളില്‍ തീ പടരുന്നത് കണ്ടാണ് ഞെട്ടിയുണര്‍ന്നത്. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ രക്ഷപ്പെടാനായില്ല. കുട്ടികളില്‍ ഒരാള്‍ അയല്‍വാസിയായ രാഹുലിനെ ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അപ്പോഴാണ് ഹമീദിന്റെ ക്രൂരത പുറം ലോകമറിഞ്ഞത്.
രക്ഷതേടി കുടുംബം ശുചിമുറിക്കുള്ളില്‍ കയറി കതകടച്ചു. ഒാടിയെത്തിയ രാഹുല്‍ പുറത്തുനിന്ന് പൂട്ടിയ മുന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നു. അപ്പോഴും പെട്രോള്‍ നിറച്ച കുപ്പികള്‍ ഹമീദ് മുറിക്കുള്ളിലേക്ക് എറിയുന്നുണ്ടായിരുന്നു.
ശുചിമുറിക്കുള്ളിലായ കുടുംബം രാഹുലെത്തിയിട്ടും പേടിച്ച് പുറത്തേക്ക് വന്നില്ല. അവിടെതന്നെ കത്തിയമര്‍ന്നു. തീയണച്ച് അകത്ത് കയറിയ നാട്ടുകാർ കണ്ട കാഴ്ച ദയനീയമായിരുന്നു. ശുചിമുറിക്കുള്ളിൽ മക്കളെയും ഭാര്യയെയും കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു ഫൈസൽ. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവന്നു.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd
പിതാവ് മകനേയും കുടുംബത്തേയും ചുട്ടുകൊന്നു. ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി കേരളം
എല്ലാ ദിവസവും ഇറച്ചിയും മീനും വേണം. മകനേയും കുടുംബത്തേയും ചുട്ടുകൊന്ന പിതാവിൻ്റെ വിശദീകരണം