IFFK വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. ഇളകി മറിഞ്ഞ് സദസ്സ്
തിരുവനന്തപുരത്ത് നടക്കുന്ന 26ാ മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവനയെത്തിയത് സദസ്സിന് കൌതുകമായി. സംവിധായകൻ ഷാജി എൻ. കരുൺ ഉപഹാരം നൽകി ഭാവനയെ സ്വീകരിച്ചപ്പോൾ ഹർഷാരവം കൊണ്ട് സദസ് ഇളകി മറിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണ് ഭാവനയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞു. കേരളത്തിൻ്റെ റോൾ മോഡലാണ് ഭാവനയെന്ന് മന്ത്രി സജി ചെറിയാൻ വിശേഷിപ്പിച്ചു. സിനിമാ മേഖലയിലെ സുരക്ഷക്ക് നിയമം ഉടനെയെന്നും മന്ത്രി പറഞ്ഞു. മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഭാവന പറഞ്ഞു. പോരാടുന്ന എല്ലാ സത്രീകൾക്കും ഭാവന ആശംസകളറിയിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഐ.എഫ്.എഫ്.കെയിൽ വിദ്യാര്‍ഥികളും മുതിര്‍ന്നവരുമാണ് കൂടതലായുമുള്ളത്. മുൻവർഷങ്ങളിൽ സ്ഥിരമായി ചലച്ചിത്രോത്സവത്തിനെത്തുന്നവരെയും പുതിയ ആളുകളേയും കൊണ്ട് വേദികൾ നിറഞ്ഞു.
ഐ.എസ് ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നൽകി ആദരിച്ചു. സംവിധായകൻ അനുരാഗ് കശ്യപ് ചടങ്ങിൽ മുഖ്യാതിഥിയായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു എന്നിവർ ചേർന്ന് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.
ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് ഉദ്ഘാടന ചിത്രം. 25 വരെ നീളുന്ന മേളയിൽ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയറ്ററിലെ രണ്ടു സ്ക്രീനുകള്‍, ഏരീസ് പ്ലക്സിലെ അഞ്ചു സ്ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയറ്ററുകളിലായാണ് മേള.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ 86 സിനിമകളാണുള്ളത്.
അഫ്ഗാനിസ്താന്‍, കുര്‍ദിസ്താന്‍, മ്യാന്‍മര്‍ എന്നീ സംഘര്‍ഷ ബാധിത മേഖലകളില്‍നിന്നുള്ള സിനിമകളുടെ പാക്കേജ് ആയ ഫ്രെയിമിങ് കോണ്‍ഫ്ലിക്റ്റ്, പോര്‍ച്ചുഗീസ് സംവിധായകന്‍ മിഗ്വില്‍ ഗോമസിന്‍റെ ചിത്രങ്ങള്‍ അടങ്ങിയ പാക്കേജ്, റെസ്റ്ററേഷന്‍ നടത്തിയ ക്ലാസിക് സിനിമകളുടെ പാക്കേജ്, ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ആയ ക്രിട്ടിക്സ് ചോയ്സ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, ബുദ്ധദേവ് ദാസ് ഗുപ്ത, കെ.എസ്. സേതുമാധവന്‍, ഡെന്നിസ് ജോസഫ്, പി. ബാലചന്ദ്രന്‍, ദിലീപ് കുമാര്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍ എന്നീ അന്തരിച്ച ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ചുള്ള ഹോമേജ് വിഭാഗം എന്നിവയും മേളയിലുണ്ട്. ജി. അരവിന്ദന്‍റെ ‘കുമ്മാട്ടി’ എന്ന ചിത്രത്തിന്‍റെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം മേളയില്‍ നടക്കും. കന്നട സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയര്‍മാന്‍.