അമൃതം പൊടി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
ഹുദ ഹബീബ്
അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നത്തോടെ ആശങ്കയിലാണ് അമ്മമ്മാർ. അങ്കണവാടികൾ മുഖേന കഞ്ഞുങ്ങൾക്ക് നൽകുന്ന വളരെ നല്ലയൊരു പ്രോട്ടീൻ ഉൽപ്പന്നമാണ് അമൃതം പൊടി (അമൃതം ന്യൂട്രീമിക്സ്). കേരളത്തിലെ മുപ്പത്തിമൂവായിരത്തോളം അങ്കണവാടികളിലൂടെയാണ് ഇതിന്റെ വിതരണം നടത്തി വരുന്നത്. ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഐ.സി.ഡി.എസ് അങ്കണവാടികൾ മുഖേന സൗജന്യമായി അമൃതം പൊടി വിതരണം ചെയ്യുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയതും, തുടർന്ന് ഉൽപാദന കേന്ദ്രം അടച്ച് പൂട്ടിയതും അമ്മമാരിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉൽപാദനം തുടരുകയുള്ളൂവെന്ന് കുടുംബശ്രീ അറിയിച്ചിട്ടുണ്ട്. എന്നാൽ എത്രത്തോളം സുരക്ഷിതാമായിരിക്കും എന്ന കാര്യത്തിൽ അമ്മമാർ സംശയത്തിലാണ്.
എന്നാൽ വീട്ടിൽ വെച്ച് തന്നെ സ്വന്തമായി നിർമ്മിക്കാവുന്ന നല്ല ഒരു പ്രോട്ടീൻ ഉൽപ്പന്നമാണ് അമൃതം പൊടി. സ്വന്തം കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ അമൃതം പൊടി അമ്മമാർക്ക് വളരെ വേഗത്തിൽ തയ്യാറാക്കാനാകും. ഇതിലൂടെ വിഷാംശം എന്ന ആശങ്ക ഇല്ലാതാക്കുകയും ചെയ്യാം.
ഗോതമ്പ്, നിലക്കടല, സോയബീൻ, പഞ്ചസാര എന്നിവ ചേർത്താണ് അമൃതംപ്പൊടി വികസിപ്പിച്ചെടുത്തിട്ടുള്ളത്
ആവശ്യമായ ചേരുവകൾ
ഗോതമ്പ് – 225 ഗ്രാം
കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
കടലപ്പരിപ്പ് – 75 ഗ്രാം
സോയ ചങ്ക്‌സ്- 50 ഗ്രാം
തയ്യാറാക്കുന്ന വിധം
മേൽപറഞ്ഞ എല്ലാചേരുവകളും നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം വെള്ളം വാർന്നുപോകുന്നതുവരെ വെക്കുക. അതിനുശേഷം ഓരോ ചേരുവകളും തനിയെ വറുത്തെടുക്കണം. സോയ ഒന്ന് പൊടിച്ച ശേഷം വറുതെടുക്കുന്നതാവും നല്ലത്. എല്ലാ ചേരുവകളും വറുത്തെടുത്തതിനുശേഷം നന്നായി പൊടിച്ചെടുക്കാം. പൊടിച്ചെടുത്ത് ചൂട് മാറുമ്പോൾ വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക.
പൊടി പെട്ടന്ന് കേടുവരാതിരിക്കാൻ പഞ്ചസാര കൂട്ടത്തിൽ ചേർക്കാതിരിക്കുന്നത്തതാണ് കൂടുതൽ ഉത്തമം. പഞ്ചസാരയ്ക്കു പകരം പനം കൽക്കണ്ടം, ശർക്കര എന്നിവ ചേർക്കാം.
അതിനുപുറമേ റാഗി, ചോളം, ജോവർ, പയറുവർഗങ്ങൾ, പരിപ്പ് തുടങ്ങിയ ഹെൽത്ത് ന്യൂട്രിഷൻ മിക്സ് ഇതിന്റെ കൂടെ വറത്തു പൊടിച്ചു ചേർക്കാവുന്നതാണ്.
വളരെ ഹെൽത്തി ആയ ഈ ഉല്പന്നം വീട്ടിൽ തയ്യാറാക്കുന്ന എല്ലാ പലഹാരങ്ങളിലും ഒന്നോ രണ്ടോ ടീസ്പൂൺ ചേർത്ത് മുതിർന്ന കുട്ടികൾക്കും കൊടുക്കാം. ഏഴു മാസം മുതൽ കുട്ടികൾക്ക് കുറുക്കായും നൽകാവുന്നതാണ്.
മാത്രവുമല്ല കേക്ക്, പുട്ട്, ലഡ്ഡു, ഹൽവ, ഉണ്ണിയപ്പം, മൈസൂർപാക്ക്, തുടങ്ങിയ വിഭവങ്ങളും അമൃതം പൊടി കൊണ്ട് തയ്യാറാക്കാവുന്നതാണ്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd
അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തി. ഉൽപാദന യൂണിറ്റ് അടച്ച് പൂട്ടി. വാർത്ത വായിക്കാം
https://malayalamnewsdesk.com/2022/03/13/kudumbashree-amritham/