മൂന്ന് മക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് സൌദി പൌരന് വധ ശിക്ഷ നൽകി
മൂന്ന് പെൺമക്കളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ഹീനമായ കുറ്റത്തിന് സൌദി പൌരന് സൌദി ആഭ്യന്തര മന്ത്രാലയം ഇന്ന് വധ ശിക്ഷ നടപ്പിലാക്കി. 2018 ഏപ്രിലിലിൽ മക്കയിലെ മലാവി പരസരത്ത് വെച്ചാണ് കൊല നടന്നത്. ആറും, നാലും, രണ്ടും വയസ്സുള്ള തൻ്റെ മൂന്ന് പെൺമക്കളെ കത്തികൊണ്ട് കൊലപ്പെടുത്തിയതിന് പൗരനായ ബന്ദർ ബിൻ അലി ബിൻ മുഹമ്മദ് അൽ-സഹ്‌റാനിക്കാണ് (33) വധ ശിക്ഷ നടപ്പിലാക്കിയത്. സംഭവെത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയും, അന്വോഷണത്തിൽ കുറ്റം ചെയ്തതായി തെളിയുകയും ചെയ്തു.
സംഭവ ദിവസം, പ്രതിയായ പിതാവ് ഉന്മാദാവസ്ഥയിൽ വീട്ടിൽ പ്രവേശിച്ചു. ഭർത്താവിൻ്റെ പ്രവർത്തനങ്ങൾ കണ്ട് ഭയന്ന് ആഫ്രിക്കക്കാരിയായ ഭാര്യയും തന്നെയും മക്കളേയും ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു നോക്കി. പക്ഷേ അയാൾ ചെവി കൊണ്ടില്ല. പിതാവ് മക്കളുടെ മുറിയിൽ കയറി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് അവരെ ഓരോരുത്തരെയായി വെട്ടിക്കൊല്ലുകയായിരുന്നു വെന്ന് അന്വോഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇതിനിടെ മക്കളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് അമ്മ തെരുവിലേക്കിറങ്ങി. വഴിയാത്രക്കാരോട് ദയനീയമായി സഹായം തേടി. തുടർന്ന് ഒരു അയൽക്കാരൻ യൂണിഫൈഡ് ഓപ്പറേഷൻസ് സെന്ററിനെ വിളിക്കുകയും ഒരു വഴിയാത്രക്കാരന്റെ സഹായത്തോടെ, സുരക്ഷാ പട്രോളിംഗ് സംഘത്തിന്റെ സാന്നിധ്യത്തിൽ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് കുറ്റവാളിയെ കീഴ്പ്പെടുത്തി. തൻ്റെ മക്കളുടെ വേദനാജനകമായ വിധി നേരിൽ കണ്ട ശേഷം മാതാവിന് മാനസിക നില തകരാറിലാകുകയും തുടർന്ന് മക്കയിലെ കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ ചികിത്സക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രതി മയക്ക് മരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അന്വോഷണത്തിൽ വ്യക്തമായി. സ്വന്തം മക്കളെ ഇത്ര ക്രൂരമായി കൊല ചെയ്തതിനാണ് പ്രതിക്ക് ഇന്ന് വധ ശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.