ഹൂതികളുമായി മധ്യസ്ഥ ചര്‍ച്ച ഈ മാസം റിയാദില്‍. പ്രതീക്ഷയോടെ ലോകം
റിയാദ്: യുഎൻ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം റിയാദിൽ സമാധാന ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങുന്നതായി റിപോര്‍ട്ട്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നത്. ഹൂതികളെയും മറ്റ് യെമൻ കക്ഷികളെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കും.
ഇറാൻ അനുകൂല ഹൂത്തികളും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും 8 വര്‍ഷമായി തുടരുന്ന യുദ്ധത്തിന്റെ സൈനിക, രാഷ്ട്രീയ, സാമ്പത്തിക വശങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുക. ചർച്ചകൾക്കായി ദിവസങ്ങൾക്കുള്ളിൽ തന്നെ കക്ഷികളെ ഔപചാരികമായി ക്ഷണിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. . സംഘർഷം ചൊവ്വാഴ്ച എട്ടാം വർഷത്തിലേക്ക് കടക്കുന്നു.
റിയാദ് ജിസിസി സെക്രട്ടറി ജനറൽ നായിഫ് ഫലാഹ് മുബാറക് അൽ-ഹജ്‌റഫിന്റെ നേതൃത്വത്തില്‍ മാർച്ച് 29 മുതൽ ഏപ്രിൽ 7 വരെയാണ് ചര്‍ച്ച നടത്താന്‍ നീക്കം നടക്കുന്നതു. എന്നാല്‍ ക്ഷണം ഹൂതികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. പ്രസിഡണ്ട് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.