മീഡിയവൺ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

മീഡിയവണ് ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ മാസം 26ന് മുമ്പ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി.

അടുത്ത ഉത്തരവ്​ വരെ പ്രവർത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുദ്രവെച്ച കവറിലെ നടപടിയോട് വിയോജിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. മാധ്യമ സ്ഥാപനം എന്ന നിലയിൽ പരിരക്ഷ അർഹിക്കുന്നു വെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിൻ്റെ ഫയലുകൾ കോടതി പരിശോധിച്ചു.

മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈകോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

മീഡിയവൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ നൽകിയ ഹരജിയിൽ പറയുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജികളിൽ പറയുന്നു.

 

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയത്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് സുപ്രീകോടതിയിൽ ഹാജരാകുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാറിന്‍റെ അഭിഭാഷകൻ ഹാജരായിരുന്നില്ല.

Share
error: Content is protected !!