നിമിഷപ്രിയ കേസിൽ കോടതി കേന്ദ്ര സർക്കാരിൻ്റെ വിശദീകരണം തേടി
ന്യൂഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയെ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ അഭിപ്രായം തേടി. ശരീഅ നിയമപ്രകാരം വധശിക്ഷ ഒഴിവാക്കാൻ കൊല്ലപ്പെട്ട യെമൻ പൗരന്‍റെ ആശ്രിതർക്ക് ദായധനം നൽകി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയത്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഹരജിക്കാരുടെ ആവശ്യത്തെ പിന്തുണക്കുന്നുവെന്നും എന്നാൽ സർക്കാർ നിർദേശം തേടേണ്ടതുണ്ടെന്നും കേന്ദ്രത്തിന്‍റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. അതിനെ തുടർന്നാണ് കേന്ദ്രത്തിൻ്റെ നിലപാട് അറിയുവാനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
യെമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സൻആയിലെ അപ്പീല്‍ കോടതി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചിരുന്നു. അതിനെ തുടർന്നാണ് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ‘സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ’ ഡല്‍ഹി ഹൈകോടതിയിൽ ഹരജി നൽകി.
യെമനിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അവിടേക്കുള്ള യാത്ര അനുവദനീയമല്ലെന്നും നിമിഷപ്രിയയുടെ കുടുംബാംഗങ്ങൾക്ക് യെമൻ സന്ദർശിക്കാനും കൊലപ്പെട്ടയാളുടെ കുടുംബത്തിനു ബ്ലഡ് മണി നൽകാനും മാർഗമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇനി യെമനിലെ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാമെങ്കിലും അപ്പീൽ കോടതിയുടെ തീർപ്പ് സുപ്രീം കോടതി പുനഃപരിശോധിക്കില്ല. കേസിൻ്റെ ഇത് വരെയുള്ള നടപടിക്രമങ്ങൾ ശരിയാണോ എന്ന് മാത്രമേ സുപ്രീം കോടതി പരിശോധിക്കുകയുള്ളൂ.
അഡ്വ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച നിമിഷ പ്രിയക്കായുള്ള ഹരജി അടിയന്തിരമായി പരിഗണിക്കാൻ ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് നിർദേശം നൽകയതിനെ തുടർന്നാണ് തിങ്കളാഴ്ച തന്നെ കേട്ടത്. ഏത് അർഥത്തിലുള്ള സഹായമാണ് വേണ്ടതെന്ന് ഡൽഹി ഹൈകോടതി അഭിഭാഷകനോട് തിങ്കളാഴ്ച ചോദിച്ചു.
അപ്പീൽ നൽകാനും ദായധനം നൽകി മോചനത്തിനുള്ള ചർച്ച നടത്താനും എംബസി വഴിയൊരുക്കണമെന്ന് അഡ്വ. സുഭാഷ് ചന്ദ്രൻ ആവശ്യപ്പെട്ടു. ഇതുവരെ കേസ് നടത്തിയത് ഇന്ത്യൻ എംബസി തന്നെയായിരുന്നുവെന്നും എന്നാൽ, വധശിക്ഷ വിധിച്ചതിൽ പിന്നെ സുപ്രീം ജുഡീഷ്യൽ കൗൺസിലിലിൽ അപ്പീൽ ഫയൽ ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.