‘ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? സമുദായത്തിന്റെ വോട്ട് വാങ്ങിയെന്ന് ഓർമ വേണം
കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി ചർച്ചയ്ക്ക് തയാറായത് സ്വാഗതം ചെയ്യുന്നതായും ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമരപരിപാടികൾ സമസ്ത നേരത്തെ തീരുമാനിച്ചതാണ്. ചർച്ചയുടെ സാഹചര്യത്തിൽ മാന്യമായ സമീപനം സമസ്തയും കാണിക്കും. വിഷയത്തിൽ സർക്കാരുമായി ഏതു സമയത്തും ചർച്ചയ്ക്ക് തയാറാണ്.
മുസ്‌ലിം സമൂഹം വലിയൊരു സമുദായമാണ്. സമയമാറ്റത്തിൽ മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തി ഇക്കാര്യത്തിൽ നിലപാടു സ്വീകരിക്കുമെന്നാണ് കരുതിയത്. എന്നാൽ അതിനു മുൻപ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ചില പ്രസ്താവനകൾ ചൊടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘മദ്രസ പ്രവർത്തനത്തിനു വേറെ സമയം എങ്ങനെ കണ്ടെത്താനാണ് ?. ആകെ 24 മണിക്കൂറേ ഉള്ളൂ. ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്?, ആരായാലും മറുപടികൾ മാന്യമായിരിക്കണം. മന്ത്രിയെന്താണ് ഇക്കാര്യത്തിൽ വാശിപോലെ പ്രതികരിക്കുന്നത്. ആലോചിച്ച് തീരുമാനിക്കാമെന്ന് പറഞ്ഞാൽ മതിയല്ലോ. ഭാഷയിൽ വ്യത്യാസം ഉണ്ടാവാം. മനുഷ്യരല്ലേ. കടുംപിടിത്തം പാടില്ല. സമുദായങ്ങളുടെ കാര്യങ്ങൾ നോക്കാൻ തന്നെയല്ലേ ഇവിടെ മന്ത്രിസഭ. സമുദായത്തിന്റെ വോട്ട് വാങ്ങിയാണെന്നത് ഓർമ വേണം. വലിയ മതസമൂഹത്തെ അങ്ങനെ അവഗണിക്കാൻ പറ്റുമോ. എല്ലാ സമുദായത്തിന്റെയും പ്രശ്നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങളല്ലെ പറയുക. അതിൽ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല.’’ – സമസ്ത അധ്യക്ഷൻ വിശദീകരിച്ചു.


