2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി വാർഡ് തല നേതൃസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം എൽഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നൽകി. എന്നാൽ അക്രമവും അഴിമതിയും പ്രീണനവുമാണ് അവർ തിരികെ നൽകിയത്. കേരളത്തിൽ തഴച്ചുവളർന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സർക്കാരാണ്. പിഎഫ്ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരെടുത്തത്. മാറ്റം വേണമെങ്കിൽ ബിജെപിയെ വിജയിപ്പിക്കണം. 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും. സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നു. ബിജെപിയില്ലാതെ വികസിത കേരളം സാധ്യമാകില്ല. തദേശ തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനം വോട്ട് നേടുമെന്നും മന്ത്രി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി.
.
പ്രവർത്തകരോട് മുദ്രാവാക്യം ഉറക്കെ വിളിക്കാനും അമിത് ഷാ ആഹ്വാനം ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്താണ്, അദ്ദേഹം അവിടെയിരുന്ന് മുദ്രാവാക്യം കേൾക്കണം. സഹകരണ ബാങ്ക് അഴിമതി, എക്സാലോജിക് അഴിമതി, ലൈഫ് മിഷൻ അഴിമതി, കെ ഫോൺ അഴിമതി, പിപിഇ കിറ്റ് അഴിമതി തുടങ്ങി നൂറുകണക്കിന് അഴിമതികളാണ് ഇടതുപക്ഷ സർക്കാർ നടത്തിയിട്ടുള്ളത്. രാജ്യം കണ്ട ഏറ്റവും വലിയ സർക്കാർ സ്പോൺസേഡ് അഴിമതിയാണ് സ്വർണ്ണകടത്തെന്നും അമിത് ഷാ വിമർശിച്ചു.

യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും അളിയനും അളിയനുമാണ്. കോൺ​ഗ്രസ് അടച്ചുപൂട്ടാൻ പോകുന്ന പാർട്ടിയാണ്. കഴിഞ്ഞ 11 വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.



ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!