ഓൺ അറൈവൽ വിസയിൽ വരുന്നവർ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് കൈയിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്
ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ വരുന്ന യാത്രക്കാർ നിർബന്ധമായും ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് കൈയിൽ സൂക്ഷിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. സ്വന്തം പേരിലോ, അല്ലെങ്കിൽ കൂടെ യാത്രചെയ്യുന്ന അടുത്ത ബന്ധുക്കളുടെ പേരിലോ ഉള്ള കാർഡുകളാണ് യാത്രയിൽ കരുതേണ്ടത്. യാത്ര മാനദണ്ധങ്ങൾ സംബന്ധിച്ചുള്ള ഖത്തറിന്‍റെ നിർദേശ പ്രകാരമാണ് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ അറിയിപ്പ്.
5000 ഖത്തർ റിയാൽ കൈവശം സൂക്ഷിച്ചാൽ ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക് പ്രവേശിക്കാമെന്നായിരുന്നു ഇത് വരെയുള്ള നിബന്ധന. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പുതിയ വ്യവസ്ഥപ്രകാരം 5000 ഖത്തർ റിയാലിന് സമാനമായ തുക (ഏകദേശം 105,000 രൂപ) ബാങ്ക് അക്കൗണ്ടിൽ നിലനിർത്തുകയും, യാത്രക്കാരന്‍റെ പേരിലോ, കുടെ യാത്രചെയ്യുന്ന അടുത്ത ബന്ധുവിന്‍റെ പേരിലോ ഉള്ള ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് സൂക്ഷിക്കുകയോ വേണം. മാത്രവുമല്ല യാത്രക്ക് മുമ്പ് കോവിഡ് മാനദണ്ഡപ്രകാരമുള്ള ഇഹ്തിറാസ് ആപ്പിൻ്റെ അപ്രുവലിനായി ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് രേഖകൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്.
ആറു മാസം കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്ര ടിക്കറ്റ്, ഖത്തറിൽ കഴിയുന്നത് വരെയുള്ള ഹോട്ടൽ റിസർവേഷൻ ടിക്കറ്റ് എന്നിവയും നിർബന്ധമാണ് യാത്രക്ക് മുമ്പ് ഉറപ്പ് വരുത്തേണ്ടതാണ്. ഇഹ്തിറാസ് പ്രീ അപ്രൂവൽ അനുമതി ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുടെ വ്യക്തമായ പകർപ്പ് വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്യണമെന്ന് ട്രാവൽ മേഖലയിലുള്ളവർ നിർദേശിക്കുന്നു.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം