വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധന: ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ എസ്.എഫ്.ഐ.
വിദ്യാർത്ഥികളുടെ ബസ് യാത്ര നിരക്കിലെ കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന അപക്വമാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. മന്ത്രി അഭിപ്പായം തിരുത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. പത്രക്കുറിപ്പിലൂടെയാണ് എസ്.എഫ്.ഐ മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നത്.
വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും എസ്.എഫ്.ഐ പറഞ്ഞു. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ്, സെക്രട്ടറി അഡ്വ:കെ.എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ബസ് ചാർജ് നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് അനിശ്ചിത കാല സമരം പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കിയുന്നു. ഇതിനോട് അനുകൂല സമീപനം സ്വീകരിച്ചുകൊണ്ടായിരുന്നു ഇന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പ്രസ്താവന നടത്തിയത്. മാത്രവുമല്ല വിദ്യാർത്ഥികളുടെ കണ്സഷൻ അവർക്ക് തന്നെ നാണെക്കേടാണെന്നും, പല കുട്ടികളും അഞ്ച് രൂപ കൊടുത്താൽ ബാക്കി വാങ്ങാറില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുമന്നുള്ളതിൻ്റെ വ്യക്തമായ സൂചനകളായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതിനെതിരെയാണ് എസ്.എഫ്.ഐ രംഗത്തെത്തിയത്.