സൗദിയിൽ വൻ മയക്കുമരുന്ന് ക്രിമിനൽ സംഘം പിടിയിൽ; അറസ്റ്റിലായവരിൽ വിവിധ മന്ത്രാലയം ഉദ്യോഗസ്ഥരും

റിയാദ്: മയക്കുമരുന്ന് കടത്തിലും വിതരണത്തിലും ഏർപ്പെട്ട വൻ ക്രിമിനൽ സംഘത്തെ സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റിയാദ്, ഹായിൽ എന്നീ പ്രവിശ്യകളിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ആംഫെറ്റാമൈൻ, മെത്താംഫെറ്റാമൈൻ (ഷാബു), വിവിധതരം മയക്കുമരുന്ന് ഗുളികകൾ എന്നിവ കൈവശം വെക്കുകയും വ്യാപാരം നടത്തുകയും ചെയ്ത 37 പേർ പിടിയിലായത്.

അറസ്റ്റിലായവരിൽ 28 പേർ സൗദി പൗരന്മാരാണ്. കൂടാതെ, വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്: ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് 1 പേർ, നാഷണൽ ഗാർഡ് മന്ത്രാലയത്തിൽ നിന്ന് 2 പേർ, പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 2 പേർ, ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് 1 ആൾ എന്നിങ്ങിനെയാണ് പിടിയിലായ മന്ത്രാലയ ജീവനക്കാരുടെ എണ്ണം. ഇവരെ കൂടാതെ, അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച രണ്ട് എത്യോപ്യൻ പൗരന്മാരും, അഞ്ച് സിറിയൻ പൗരന്മാരും, ഒരു യെമൻ പൗരനും ഒരു യെമൻ പ്രവാസിയും അറസ്റ്റിലായിട്ടുണ്ട്. ആകെ 28 സൗദി പൗരന്മാരുൾപ്പെടെ 37 പേരാണ് പിടിയിലായത്.
.
മെഡിക്കൽ നിയമങ്ങൾ ലംഘിച്ച് റിയാദിലും ഹായിലിലും മയക്കുമരുന്ന് വ്യാപാരം നടത്തിവന്ന സംഘങ്ങളെയാണ് സുരക്ഷാ ഏജൻസികൾ പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തെയും യുവാക്കളെയും മയക്കുമരുന്ന് ഉപയോഗിച്ച് ലക്ഷ്യം വെക്കുന്ന എല്ലാ ക്രിമിനൽ ഗൂഢാലോചനകൾക്കെതിരെയും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നും, ഇത്തരം ഗൂഢാലോചനകൾ തകർക്കുകയും അതിൽ ഉൾപ്പെടുന്നവരെ പിടികൂടുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മയക്കുമരുന്ന് വ്യാപാരത്തിനെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചു.



ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  



Share
error: Content is protected !!