തിങ്കളാഴ്ച അവധിയില്ല; മുഹറം അവധി ജൂലൈ 6 ഞായറാഴ്ച തന്നെ


തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധി ജൂലൈ 6 ഞായറാഴ്ചയായിരിക്കുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. നിലവിലുള്ള സർക്കാർ കലണ്ടർ പ്രകാരം ഈ ദിവസമാണ് മുഹറം അവധിയായി രേഖപ്പെടുത്തിയിട്ടുള്ളത്. മുഹറം 10 (ആഷുറ) ചാന്ദ്ര കലണ്ടർ പ്രകാരം ജൂലൈ 7 തിങ്കളാഴ്ചയാണ് വരുന്നത് എന്നതിനാൽ, തിങ്കളാഴ്ചയും അവധി നൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, തിങ്കളാഴ്ച പൊതു അവധി ആയിരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ഈ വിഷയത്തിൽ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്ക് വിരാമമായി.


മുഹറം 10 ന് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എം.എൽ.എ. ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഔദ്യോഗിക കലണ്ടറിൽ ഞായറാഴ്ചയാണ് അവധി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, മുഹറം 10 വരുന്ന തിങ്കളാഴ്ച പൊതു അവധിയാക്കണം എന്നതായിരുന്നു എം.എൽ.എയുടെ ആവശ്യം. ഇത് സംബന്ധിച്ച അഭ്യർത്ഥന പൊതുഭരണ വകുപ്പിന്റെ പരിഗണനയിലായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.


എങ്കിലും, ഈ ആവശ്യങ്ങളെല്ലാം പരിഗണിക്കാതെ, സർക്കാർ തങ്ങളുടെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. അവധി ഞായറാഴ്ച തന്നെയാണെന്നും, ജൂലൈ 7 തിങ്കളാഴ്ച സാധാരണ പ്രവൃത്തി ദിവസമായിരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ, മുഹറം അവധിയെ ചൊല്ലിയുണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്ക് അവസാനമായി.

 

 

 

Share
error: Content is protected !!