തട്ടിക്കൊണ്ട് പോയെന്ന് പരാതി: പതിമൂന്ന് വയസുകാരനെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ കാണാതായ പതിമൂന്ന് വയസുകാരനെ വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൊഗനക്കല്‍ റോഡിന് സമീപത്തുള്ള വനപ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയത്.
അഞ്ചെട്ടി ഗ്രാമത്തിലെ രോഹിത് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വാഹനത്തിലെത്തിയ അജ്ഞാതസംഘം രോഹിത്തിനെ തട്ടി കൊണ്ട് പോയി എന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുടുംബക്കാരും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയെങ്കിലും രോഹിത്തിനെ കണ്ടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
രോഹിത്തിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനം അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത് കണ്ടതായി നാട്ടുകാര്‍ അവകാശപ്പെട്ടിരുന്നു. തട്ടിക്കൊണ്ട് പോയതില്‍ ബന്ധം ഉണ്ടെന്ന് ആരോപിച്ച് നാട്ടിലെ രണ്ട് ചെറുപ്പക്കാരെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. രോഹിത്തിന്റെ കുടുംബാംഗങ്ങളായ ഇവരെ ചോദ്യം ചെയ്തതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അന്വേഷണത്തില്‍ പോലീസിനുണ്ടായ വീഴ്ചയാണ് രോഹിത്തിന്റെ മരണത്തിന് കാരണം എന്ന് ആരോപിച്ച് നൂറ് കണക്കിന് ആളുകള്‍ അഞ്ചെട്ടി ബസ് സ്റ്റാന്‍ഡിന് സമീപം തടിച്ചുകൂടി. കാണാനില്ല എന്ന പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണങ്ങള്‍ ഒന്നും നടന്നില്ല എന്ന് രോഹിത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.
രോഹിത്തിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഇതുവരെ കുടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.




