സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ മോചനത്തിൽ പുതിയ വെല്ലുവിളി; കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപ്പീൽ നൽകി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫാറൂഖ് കൂടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിലായി. കൊലക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് 20 വർഷം തടവ് ശിക്ഷ ലഭിച്ച അബ്ദുൾ റഹീമിന് കൂടുതൽ കഠിനമായ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപ്പീൽ നൽകിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

ശിക്ഷാ കാലാവധി പൂർത്തിയാകാറായതിനാൽ അബ്ദുൾ റഹീം ഉടൻ മോചിതനാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. 20 വർഷം തടവ് ശിക്ഷ ലഭിച്ച അദ്ദേഹത്തിന് ഏകദേശം 19 വർഷവും ഏതാനും മാസങ്ങളും ഇതിനോടകം ജയിലിൽ പിന്നിട്ടിട്ടുണ്ട്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ മോചനം സാധ്യമായേക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു കുടുംബവും റിയാദിലെ നിയമസഹായ സമിതിയും. എന്നാൽ, പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കം.

കേസിന്റെ നടപടികൾ നീട്ടിക്കൊണ്ടുപോകുമെന്നും മോചനം വൈകുമെന്നും ചൂണ്ടിക്കാട്ടി അപ്പീൽ നൽകാൻ താൽപ്പര്യമില്ലെന്ന് അബ്ദുൾ റഹീം നേരത്തെ ഇന്ത്യൻ എംബസിയെയും തനിക്ക് നിയമസഹായം നൽകുന്ന അഭിഭാഷകരെയും അറിയിച്ചിരുന്നു. സാധാരണയായി, തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷവും നിയമനടപടികൾ അവസാനിക്കാത്ത പക്ഷം തടവുകാരെ മോചിപ്പിക്കാറില്ല. സൗദി ബാലൻ മരിച്ച കേസിൽ പബ്ലിക്​ റൈറ്റ്​സ്​ പ്രകാരം ഇക്കഴിഞ്ഞ മെയ് 26നാണ് റഹീമിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി ഉത്തരവുണ്ടായത്. കോടതി വിധിയിൽ അപ്പീൽ നൽകാനുള്ള ഒരു മാസത്തെ സമയ പരിധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.  ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ തന്നെ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് അപ്പീലുമായി രംഗത്തെത്തിയതെന്ന് മീഡിയവണ് റിപ്പോർട്ട് ചെയ്തു.

അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല, പ്രവാസികളേയും മലയാളി സമൂഹത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്ത്യൻ അധികാരികളുടെയും സാമൂഹിക സംഘടനകളുടെയും കൂടുതൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിയാദിലെ നിയമസഹായ സമിതി ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നും കോടതിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും റിയാദിലെ ലീഗൽ എയ്ഡ് കമ്മിറ്റി അറിയിച്ചു.
.
കൂടാതെ 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച കേസിൽ 19 വർഷം പൂർത്തിയാക്കിയ തടവുകാലവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് ജയിൽ മോചനം വേഗത്തിലാക്കാൻ റിയാദ് ഗവർണർക്ക് അപേക്ഷ നൽകുമെന്നും റഹീം നിയമ സഹായ സമിതി വ്യക്തമാക്കി.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!