സൌദിയില്‍ 81 പേരുടെ വധശിക്ഷ നടപ്പിലാക്കി
റിയാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ 81 കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഐഎസ്, അൽ-ഖ്വയ്ദ അംഗങ്ങളും, മാരക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് ശിക്ഷയ്ക്ക് വിധേയരായതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപോര്‍ട്ട് ചെയ്തു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരില്‍ പെടും. കൂടാതെ നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും കൂട്ടത്തിലുണ്ട്.
ഐസിസ്, അൽ ഖ്വയ്ദ, ഹൂത്തികൾ തുടങ്ങിയ വിദേശ ഭീകര സംഘടനകളുമായി സഹകരിച്ചവരും, സംഘർഷ മേഖലകളിലേക്ക് പോയി തീവ്രവാദ സംഘടനകളിൽ ചേരൽ എന്നിവയും കുറ്റകൃത്യങ്ങളില്‍ പെടും. സർക്കാർ ഉദ്യോഗസ്ഥരെയും, സുപ്രധാന സാമ്പത്തിക സ്രോതസ്സുകളെയും ടാർഗെറ്റുചെയ്യൽ, നിയമപാലകരെ കൊലപ്പെടുത്തുക, പോലീസ് വാഹനങ്ങളെ തകര്‍ക്കാന്‍ കുഴിബോംബുകൾ സ്ഥാപിക്കുക എന്നിവയും കുറ്റവാളികള്‍ക്കു മേല്‍ ചുമത്തിയ കേസുകളില്‍ ഉൾപ്പെടുന്നു. ഇതിന് പുറമെ, തട്ടിക്കൊണ്ടുപോകൽ, പീഡനം, ബലാത്സംഗം, രാജ്യത്തേക്ക് ആയുധങ്ങളും ബോംബുകളും കടത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും വധശിക്ഷയ്ക്ക് വിധേയരാവരില്‍ പെടും.
സൗദി കോടതികളിൽ വിചാരണ ചെയ്ത ശേഷമാണ് ശിക്ഷ വിധിച്ചത്. 13 ജഡ്ജിമാരുടെ മേൽനോട്ടത്തിൽ ഓരോ വ്യക്തിക്കും 3 വ്യത്യസ്ത ഘട്ടങ്ങളിലായി വിചാരണ നടത്തിയതായി മന്ത്രാലയം അറിയിച്ചു. പ്രതികൾക്ക് ഒരു അഭിഭാഷകനുള്ള അവകാശം നൽകുകയും ജുഡീഷ്യൽ പ്രക്രിയയിൽ സൗദി നിയമപ്രകാരം അവരുടെ പൂർണ്ണ അവകാശങ്ങൾ ഉറപ്പുനൽകുകയും ചെയ്തിരുന്നു.
ലോകത്തിന്റെ മുഴുവൻ ഭീഷണിയായ ഭീകരവാദത്തിനും തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾക്കും എതിരെ രാജ്യം കർശനവും അചഞ്ചലവുമായ നിലപാട് തുടരുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.