ഇത്തവണ കൂടുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം. ഹറം പള്ളിയില്‍ രക്ഷിതാക്കളോടൊപ്പം കുട്ടികള്‍ക്കും പ്രവേശിക്കാം
മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം ഉണ്ടാകുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നത് പോലുള്ള നിയന്ത്രണങ്ങള്‍ ഇത്തവണ ഉണ്ടാകില്ല. ഇത്തവണത്തെ ഹജ്ജുമായി ബന്ധപ്പെട്ട വിവരങള്‍ ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം വക്താവ് ഹിഷാം സയീദ് അറിയിച്ചു. ജൂലൈ ആദ്യത്തിലാണ് ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുക.
ചെറിയ കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവി പള്ളിയിലും പ്രവേശിക്കാമെന്നും മന്ത്രാലയം അറിയിച്ചു. ഇതിന് പ്രായപരിധി ഇല്ല. സൌദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹറം പള്ളികളില്‍ പ്രവേശിക്കാന്‍ വാക്സിന്‍ എടുക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ കോവിഡ് ബാധിതര്‍ക്കും, കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ക്കും അനുമതി നല്‍കില്ല. വിദേശ തീര്‍ഥാടകര്‍ക്ക് വാക്സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ ഉംറ നിര്‍വഹിക്കാനുള്ള പെര്‍മിറ്റ് നല്‍കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
അടുത്ത ഉംറ സീസണില്‍ ഉംറ നിര്‍വഹിക്കാനുള്ള ബുക്കിങ് ഇപ്പൊഴും ലഭിക്കുമെന്നും ബുക്കിങ് നിര്‍ത്തിവെച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.