വാട്സ് ആപ്പിൽ പുതിയ നിയന്ത്രണങ്ങളും ഫീച്ചറുകളും വരുന്നു

വ്യാജ വാര്‍ത്തകളും തെറ്റായ സന്ദേശങ്ങളും വളരെ വേഗത്തിലാണ് വാട്സ് ആപ്പ് വഴി പ്രചരിക്കുന്നത്. ഇതിന് അറുതി വരുത്തുന്നതിനായി 2019 ൽ തന്നെ കമ്പനി ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. ഒറ്റതവണയായി പരമാവധി അഞ്ച് പേർക്കോ, അഞ്ചു ഗ്രൂപ്പുകളിലേക്കോ മാത്രം മെസ്സേജുകൾ ഫോർവേഡ് ചെയ്യാവുന്ന  രീതിയിലായിരുന്നു 2019 ൽ നിയന്ത്രണങ്ങൾ കൊണ്ട് വന്നത്. എന്നാൽ ഇത് കൊണ്ടൊന്നും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ കുറവ് വന്നിട്ടില്ലെന്ന കണ്ടെത്തലാണ് വാട്സ് ആപ്പിനെ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പ്രേരിപ്പിച്ചത്. പരിഷ്കരിച്ച മാറ്റ പ്രകാരം ഒരു സന്ദേശം ഒറ്റതവണയിൽ പരമാവധി ഒരു ഗ്രൂപ്പിലേക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കൂ.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാട്‌സാപ്പിന്റെ v2.22.7.2 ബീറ്റാ പതിപ്പിലാണ് പുതിയ മാറ്റം ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. പ്രവർത്തനം കുറ്റമറ്റതാണെന്ന് ബീറ്റവേർഷനിൽ ബോധ്യമായാൽ  ഉടനെ മറ്റു വേർഷനുകളിലേക്കും വ്യാപിപ്പിക്കും. ആന്‍ഡ്രോയിഡ് റിപ്പോര്‍ട്ട് പ്രകാരം പുതിയ വേര്‍ഷനില്‍ ഒരു സന്ദേശം ഒരു ഗ്രൂപ്പിലേക്കു മാത്രമാണ് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക. അഞ്ചു വ്യക്തികള്‍ക്കു വരെ ഫോര്‍വേഡ് ചെയ്യാന്‍ തുടര്‍ന്നും സാധിക്കുമെങ്കിലും ഒരു ഗ്രൂപ്പിലേക്കു മാത്രമാണ് ഒരു സന്ദേശം അയക്കാന്‍ സാധിക്കുക. കൂടുതല്‍ ഗ്രൂപ്പുകളിലേക്കു വേണമെങ്കില്‍ വീണ്ടും ഒരോ തവണയായി ഫോര്‍വേഡ് ചെയ്യേണ്ടതായി വരും.

 

വാട്‌സാപ്പിന്റെ പ്രധാന എതിരാളിയായ ടെലഗ്രാമിലുള്ള മറ്റൊരു ഫീച്ചര്‍ വാട്സ് ആപ്പിലേക്കും കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി. ഒരു വാട്‌സാപ് ഗ്രൂപ്പിനുള്ളിലെ ആളുകളുടെ അഭിപ്രായം അറിയാനുള്ള വോട്ടെടുപ്പ് നടത്താനുള്ള ഫീച്ചറായിരിക്കും താമസിയാതെ വാട്സ് ആപ്പിലേക്കും കൊണ്ടുവരിക. ‘പോള്‍’ എന്നാണ് വാട്സ് ആപ്പിലെ ഈ പുതിയ ഫിച്ചറിന് പേരിട്ടിരിക്കുന്നത്. ചില ഗ്രൂപ്പുകള്‍ക്ക് ഒരു വിഷയത്തെക്കുറിച്ച് അതിലെ അംഗങ്ങളുടെ അഭിപ്രായം അതിവേഗം അറിയാന്‍ ഇത് പ്രയോജനപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Share
error: Content is protected !!