റമദാനെ സ്വീകരിക്കാൻ മക്കയിൽ ഒരുക്കങ്ങൾ സജീവം. ഇന്ത്യയിൽ നിന്ന് കൂടുതൽ തീർത്ഥാടകരെത്തും

അബു അബ്ബാസ്

റമദാൻ മാസത്തെ സ്വീകരിക്കുന്നതിനായുള്ള സജീവമായ ഒരുക്കത്തിലാണ് മക്കയിലെ ഹറം പള്ളി. ഇത്തവണത്തെ റമദാനിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിശ്വാസികളെത്തും. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ വർഷങ്ങളിലെ റമദാനുകളിൽ ഹറമുകളിലേക്ക് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഇത്തവണ പക്ഷേ നിയന്ത്രണങ്ങൾ പിൻവലിച്ചത് വിശ്വാസികളുടെ എണ്ണം വർധിക്കാൻ കാരണമാകും. ഇത് മുൻകൂട്ടി കണ്ടാണ് അധികൃതർ ഹറമിലെ  സൌകര്യങ്ങൾ വിപുലീകരിക്കുന്നത്.

റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി ഉംറക്ക് പെർമിറ്റെടുക്കാം. എന്നാൽ ഹറമുകളിലേക്ക് പ്രവേശിക്കുന്നതിനോ നമസ്കാരങ്ങളിൽ പങ്കെടുക്കുന്നതിനോ പെർമിറ്റ് ആവശ്യമില്ല. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഹറം പള്ളിയിൽ ഇഅ്തികാഫിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തവണ ഇഅ്തികാഫ് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയുപ്പുകളൊന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. തറാവീഹ് നിസ്കാരങ്ങളിലും, ഖിയാമുല്ലൈൽ നമസ്കാരങ്ങളിലും ഇത്തവണ കൂടുതൽ വിശ്വാസികൾക്ക്  പങ്കെടുക്കാൻ അവസരമുണ്ടാകും.

റമദാൻ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ഹറമിനകത്തും പുറത്തും വിപുലമായ സൌകര്യങ്ങളൊരുക്കി വരികയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി വിശ്വാസികൾക്ക് ഹറമിനകത്തേക്ക് പ്രവേശിക്കുന്നതിനും പറത്ത് കടക്കുന്നതിനും പ്രത്യേക പാതകളൊരുക്കും. നമസ്കാര സമയങ്ങളിലും ത്വവാഫ്, സഅയ് എന്നീ കർമ്മങ്ങൾ നടത്തുന്നതിന് തടസ്സങ്ങളിലാത്ത വിധം വിശ്വാസികൾക്ക് പാതയൊരുക്കുന്നുണ്ട്. രോഗം കൊണ്ടോ വാർധക്യ സഹചമായ പ്രയാസങ്ങൾ കൊണ്ടോ ബുദ്ധിമുട്ടുന്നവർക്ക് സ്വയം നിയന്ത്രിക്കാവുന്ന ഇലക്ട്രിക് വീൽ ചെയറുകളും ഹറമിൽ ലഭ്യമാണ്. ഇവ ഓണ് ലൈനായി ബുക്ക് ചെയ്യുന്നതിനും സൌകര്യമുണ്ട്.

ആഭ്യന്തര തീർത്ഥാടകർക്ക് പുറമെ ഇത്തവണ വിദേശ തീർത്ഥാടകരുടെ എണ്ണത്തിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൌദിയിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കിയത് ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നു. മലയാളികളുൾപ്പെടെ ഇത്തവണ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും ഉയരും. മാർച്ച് 27ന് ഇന്ത്യ രാജ്യാന്തര വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിനനുസൃതമായി വിവിധ ട്രാവൽ ഏജൻ്റുകൾ ഉംറ ടൂർ പാക്കേജുകൾ പ്രഖ്യാപിക്കുവാനുള്ള ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. വിദേശ തീർത്ഥാടകരെ സ്വീകരിക്കുവാൻ വിമാന താവളങ്ങളിലും ക്രമീകരണങ്ങളൊരുക്കി. തീർത്ഥാടകരെ താമസമില്ലാതെ തന്നെ വിമാനത്താവളങ്ങളിൽ നിന്ന് പുറത്തിറക്കും. ഹറമിലെത്തുന്ന വിശ്വാസികൾക്ക് മെച്ചപ്പെട്ട സേവനം ചെയ്യുന്നതിനായി പ്രത്യേക വളണ്ടിയർ സംഘങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ മികച്ച ആരോഗ്യ പരിചരണവും ഇവർക്ക് ലഭിക്കും. വിശ്വാസികൾക്ക് ഹറമിലേക്ക് പോകുന്നതിനും തിരിച്ച് വരുന്നതിനും പ്രത്യേക ബസ് സർവ്വീസുകളും ഉണ്ടായിരിക്കുന്നതാണ്.

ഹറം പള്ളിയുടെ വിവിധ ഭാഗങ്ങളിൽ സജീവമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. ഇതിൻ്റെ ഭാഗമായി കഅബയിലെ ഹജറുൽ അസ് വദിലും സ്വാഭാവിക അറ്റകുറ്റ പണികൾ നടത്തിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. വിശുദ്ധ കഅബയും അനുബന്ധ ഘടകങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അന്താരാഷ്ട്ര സവിശേഷതകളുള്ള മികച്ച മെറ്റീരിയലുകളും ഉപയോഗിക്കുന്നുണ്ടെന്ന് മക്ക ഹറം പള്ളി കാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഡോ. സാദ് അൽ മുഹൈമിദ് പറഞ്ഞു. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് യോഗ്യതയുള്ള ഒരു സാങ്കേതിക വിദഗ്ധ സംഘമാണ് ഇത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
error: Content is protected !!