മൂന്ന് നവജാത ശിശുക്കളെ ആശുപത്രികളിൽ നിന്ന് തട്ടിയെടുത്ത് 20 വർഷത്തോളം രഹസ്യമായി വളർത്തി; മന്ത്രവാദവും ആഭിചാരക്രിയകളും നടത്തി, സൗദി വനിതക്കും യെമൻ പൗരനും വധശിക്ഷ നടപ്പാക്കി
ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ മൂന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോവുകയും മന്ത്രവാദത്തിന് വിധേയരാക്കുകയും ചെയ്ത കേസിൽ സൗദി പൗരയായ മറിയം ബിൻത് മുഹമ്മദ് ബിൻ ഹമദ് അൽ-മുതൈബും യെമൻ പൗരനായ മൻസൂർ ഖായിദ് അബ്ദുല്ലയും ഉൾപ്പെടെ രണ്ട് കുറ്റവാളികളെ ഇന്ന് വധശിക്ഷയ്ക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹിജ്‌റ 1446 റബീഉൽ അവ്വൽ 23-ന്, അതായത് 2025 മെയ് 21-നാണ് ശിക്ഷ നടപ്പാക്കിയത്.
.
ആശുപത്രിയിലെ സുരക്ഷിതമായ സ്ഥലത്തുനിന്നും അമ്മമാരെ കബളിപ്പിച്ചാണ് ഇരുവരും കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ശേഷം 20 വർഷത്തോളം സ്വന്തം കുട്ടികളെ പോലെ രഹസ്യമായി വളർത്തി. തട്ടിക്കൊണ്ടുപോയ കുട്ടികൾക്ക് അവരുടെ യഥാർത്ഥ പിതാക്കന്മാരുമായി ബന്ധമില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. ഇങ്ങിനെ തട്ടിയെടുത്ത കുട്ടികളെ മന്ത്രവാദത്തിനും ആഭിചാരക്രിയകൾക്കും ഉപയോഗിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് മറിയം അറിയിച്ചപ്പോൾ മൻസൂർ അവൾക്ക് ആവശ്യമായ ഒത്താശകളും സഹായങ്ങളും ചെയ്തു കൊടുക്കുകയും കുട്ടികളെ ഒളിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.
.
ഈ കുറ്റകൃത്യം കണ്ടെത്തിയതിന് ശേഷം, സുരക്ഷാ സേന കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന്, കേസ് യോഗ്യതയുള്ള കോടതിക്ക് കൈമാറി. ഇവർ ചെയ്ത പ്രവർത്തികൾ ശരീഅത്ത് നിയമപ്രകാരം ശിക്ഷാർഹമായതും, നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയും സുരക്ഷയെയും ലംഘിക്കുന്നതും, സമൂഹത്തിൽ അഴിമതി പരത്തുന്നതുമാണെന്ന് കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഈ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെത്തുടർന്ന്, രാജകീയ ഉത്തരവിലൂടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.
.
‘ദമ്മാം കിഡ്‌നാപ്പർ’ എന്ന പേരിൽ പൊതുശ്രദ്ധ നേടിയ ഒരു വലിയ കേസാണിത്. ഏകദേശം 20 വർഷത്തോളം സ്വന്തം കുട്ടികളാണെന്ന് കുട്ടികളേയും വിശ്വസിപ്പിച്ചാണ് ഇവർ കുട്ടികളെ വളർത്തിയത്. .
കുട്ടികൾ വളർന്ന് വലുതായതോടെ തിരിച്ചറിയൽ രേഖകൾ നിർബന്ധമായി വന്നു. തിരിച്ചറിയൽ രേഖ നേടാൻ മറിയം ശ്രമം ആരംഭിച്ചതോടെയാണ് തട്ടികൊണ്ടുപോകലിൻ്റെ ചുരുളഴിയുന്നത്. തുടർന്ന് കിഴക്കൻ പ്രവിശ്യ എമിറേറ്റ് നടത്തിയ അന്വേഷണത്തിൽ മറിയത്തെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി, ദമാം മെറ്റേണിറ്റി ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് 1994 നും 2000ത്തിനും ഇടയിലാണ് നഴ്സുമാരുടെ വേഷത്തിലെത്തി ഇവർ കുട്ടികളെ തട്ടിയെടുത്തത്. മൂന്നു കുഞ്ഞുങ്ങളെ ദുരൂഹസഹചര്യത്തിൽ കാണാതായത് അക്കാലത്ത് വലിയ വാർത്തയായിരുന്നു.
.
പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ, തട്ടിക്കൊണ്ടുപോയ കുട്ടികൾ പ്രതികളുമായി ജൈവികമായി ബന്ധമുള്ളവരല്ലെന്നും, മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് സൗദി കുടുംബങ്ങളുമായി ബന്ധമുള്ളവരാണെന്നും കണ്ടെത്തി. തുടർന്ന്, കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായവും പരിചരണവും നൽകാൻ അധികാരികൾക്ക് നിർദ്ദേശം നൽകി. പബ്ലിക് പ്രോസിക്യൂഷൻ 247 അന്വേഷണ നടപടികളും, 21 പ്രതികളുമായും 40 സാക്ഷികളുമായും സംഭാഷണങ്ങളും നടത്തിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
.
നിരപരാധികളെ ആക്രമിക്കുകയോ, അവരുടെ അഭിമാനത്തെയും ജീവിക്കാനുള്ള അവകാശത്തെയും സുരക്ഷയെയും ലംഘിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനും നീതി നടപ്പാക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനും സൗദി അറേബ്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് നിയമപരമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.