‘ഐസ്ക്രീമിൽ വിഷം കലർത്തി, ടോർച്ച് കൊണ്ട് തലയ്ക്കടിച്ചു; കല്യാണിയെ കൊലപ്പെടുത്താൻ സന്ധ്യ നേരത്തെയും ശ്രമിച്ചു’

കൊച്ചി: ആലുവയില്‍ മൂന്നുവയസ്സുകാരിയെ അമ്മ ചാലക്കുടിപ്പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി ഇവരുടെ ഭര്‍ത്താവ് സുഭാഷ്. അമ്മയായ സന്ധ്യ കുഞ്ഞിനെ മുന്‍പും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സുഭാഷ് പറഞ്ഞു. അവളുടെ വീട്ടില്‍വെച്ച് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന് അവളുടെ വീട്ടുകാര്‍തന്നെ മുന്‍പ് പറഞ്ഞിരുന്നു. കുട്ടിയുടെ തലയ്ക്കും നെഞ്ചിലും അടിച്ചിരുന്നതായും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.
.
കല്യാണിയെ മുന്‍പ് ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സന്ധ്യയുടെ അമ്മതന്നെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരുദിവസം കുട്ടിയുടെ നെഞ്ചില്‍ അടിച്ചതിന്റെ വിരല്‍പ്പാടുകള്‍ കണ്ടിരുന്നു. അനിയന്റെ ഫോണില്‍ അതിന്റെ ചിത്രമുണ്ട്. ഞാനെന്തെങ്കിലും പറഞ്ഞാലോ എന്നുകരുതി എന്നെ കാണിച്ചില്ല. ഞങ്ങളുടെ കേസില്‍ മെമ്പര്‍ ഒക്കെ ഇവിടെ ഇടപെട്ടതാണ്. മെമ്പര്‍ക്കൊക്കെ കാര്യങ്ങളറിയാം. അതിന്‍റെ ടിസ്ഥാനത്തില്‍ അന്ന് പോലീസില്‍ പരാതി കൊടുത്തിരുന്നു. എന്റെ വാശിപ്പുറത്താണ് മക്കളെ ഞാന്‍ ഇവിടെ നിര്‍ത്തിയത്. നെഞ്ചില്‍ അടിച്ചത് കാരണം കല്യാണിക്ക് അമ്മയുടെ കൂടെ പോവാന്‍ പേടിയായിരുന്നു. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക് അതുമാറി’, സുഭാഷ് പറഞ്ഞു.
.
കഴിഞ്ഞദിവസം സംഭവിച്ചതിനെക്കുറിച്ചും കല്യാണിയുടെ അച്ഛന്‍ വിശദീകരിച്ചു. രാവിലെ തനിക്ക് ചായയൊക്കെ വെച്ചുതന്നശേഷമാണ് അവള്‍ ഈ ക്രൂരകൃത്യം ചെയ്തത്. രാവിലെയൊന്നും സന്ധ്യക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കൊച്ചിന് അങ്കണവാടിയില്‍ പോവാന്‍ ഇനി ഒരാഴ്ചകൂടിയേ ഉള്ളൂ. അതുകഴിഞ്ഞാല്‍ സ്‌കൂളില്‍ പോവണം എന്നൊക്കെ പറഞ്ഞതായിരുന്നു. കല്യാണി രാവിലെ അങ്കണവാടിയില്‍ പോവുന്നില്ല എന്ന് പറഞ്ഞു. ഞാനാണ് പോവാന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് അച്ഛന്‍ എന്നെ കൊണ്ടുപോവുമോ എന്നവള്‍ ചോദിച്ചിരുന്നു. എനിക്ക് അത്യാവശ്യമായി പുറത്തുപോവാനുണ്ടെന്ന് പറഞ്ഞ് ഞാൻ പോയി. താഴെയുള്ള കൊച്ചിന്റെ കൂടെ വിടാമെന്നാണ് സന്ധ്യ പറഞ്ഞിരുന്നത്.
.
പിന്നീട് ഏകദേശം 11 മണി ആയപ്പോള്‍ കുക്കറിന്റെ വാഷര്‍ പോയെന്നു പറഞ്ഞ് സന്ധ്യയുടെ കോള്‍ വന്നു. ഞാന്‍ വരാന്‍ വൈകുമെന്ന് അവളെ അറിയിച്ചു. മൂന്നര കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അവളില്ല. സാധനം വാങ്ങാന്‍ പോയതായിരിക്കുമെന്നാണ് കരുതിയത്. മൂന്നേകാലിന് കുട്ടിയെത്തേടി അമ്മ അങ്കണവാടിയില്‍ ചെന്നിരുന്നെന്നും 3.30 ആയപ്പോള്‍ കുട്ടിയെ വിട്ടെന്നും ടീച്ചറെ വിളിച്ചപ്പോള്‍ പറഞ്ഞു. തുടര്‍ന്ന് അഞ്ചരയായിട്ടും കാണാതിരുന്നപ്പോള്‍ അവളുടെ വീട്ടിലേക്ക് വിളിച്ച് തിരക്കി. അവിടെയും ചെന്നിട്ടില്ലെന്ന് പറഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞ് പിന്നെയും വിളിച്ചെങ്കിലും അവിടെയെത്തിയില്ല. അതോടെ ഞാന്‍ അവരോട് കേസ് കൊടുക്കുമെന്നു പറഞ്ഞു. അപ്പോഴേക്ക് അവരുതന്നെ വനിതാ സെല്ലില്‍ കേസുകൊടുത്തു. അവള്‍ക്ക് സുഖമില്ലാത്ത കാര്യം അവര്‍ക്കുതന്നെ അറിയാം. കഴിഞ്ഞദിവസം സ്റ്റേഷനില്‍നിന്ന് കേസിന്റെ വിവരം ആരായാന്‍ വിളിച്ചപ്പോള്‍ ഇപ്പോള്‍ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞതാണെന്നും അദ്ദേഹം പറയുന്നു.
.
ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ അവള്‍ പുറത്തുപോവുമായിരുന്നില്ല. ഇവിടെ ആളില്ലാത്ത സമയം നോക്കിയാണ് അവള്‍ വിളിച്ചത്. കുക്കറിന്റെ വാഷറിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. അത് പൊട്ടിച്ചുകളഞ്ഞ് ഞാന്‍ വരുമോ ഇല്ലയോ എന്ന് അറിയാന്‍ വേണ്ടി വിളിച്ചതായിരുന്നു. അത് അവളുടെ പദ്ധതിയായിരുന്നു. രണ്ടു കുട്ടികളെ നുള്ളി നോവിക്കുകപോലും ചെയ്യാതെ വളര്‍ത്തിയതാണ്. മോന്‍ ഇത് അറിഞ്ഞിട്ടില്ല. അവനോട് കാണാനില്ലെന്നാണ് പറഞ്ഞത്. അവനിതെങ്ങനെ സഹിക്കും, സുഭാഷ് വിതുമ്പലോടെ പറഞ്ഞു.
.
സന്ധ്യയ്ക്ക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സിലിങ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. അന്ന് അവര്‍ അവിടെവെച്ച് ബുദ്ധിപരിശോധന നടത്തിയിരുന്നു. അവളുടെ വീട്ടിലെ അമ്മയും ചേച്ചിയും പറയുന്നതേ അവള്‍ കേള്‍ക്കുമായിരുന്നുള്ളൂ. സ്വന്തം അച്ഛനും ചേട്ടനും അവള്‍ക്കെതിരായിരുന്നു. അമ്മയുടെയും ചേച്ചിയുടെയും പ്രേരണയില്‍ത്തന്നെയായിരിക്കണം തന്റെ കുഞ്ഞിനെ വെള്ളത്തില്‍ എറിഞ്ഞുകൊന്നതെന്നും സുഭാഷ് പറഞ്ഞു.

.
സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അയൽവാസിയും ബന്ധുവുമായ അശോകനും പറഞ്ഞു. ഐസ്ക്രീമിൽ വിഷം കലർത്തിയാണ് ഒരിക്കൽ കൊല്ലാൻ ശ്രമിച്ചതെന്നും അശോകനും ആവർത്തിച്ചു. മുതിർന്ന കുട്ടി അന്ന് ബഹളം വച്ചതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇതിനുപിന്നാലെ പൊലീസ് ഇടപെട്ട് സന്ധ്യയെ കൗൺസിലിങ്ങിന് വിധേയ ആക്കിയിരുന്നുവെന്നും അശോകൻ പറഞ്ഞു.
.
‘‘സന്ധ്യ അധികം ആരോടും മിണ്ടുന്ന ഒരാളായിരുന്നില്ല. കുട്ടികളെ ടോർച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്ക്രീമിൽ വിഷം കലർത്തി ഇളയ കുഞ്ഞിനെ നേരത്തെയും കൊല്ലാൻ ശ്രമിച്ചു. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതു കണ്ട് പേടിച്ചുവിറച്ച് സന്ധ്യയെയും കുഞ്ഞുങ്ങളെയും വീട്ടിൽ കൊണ്ടാക്കി. അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. അവർ കൗൺസിലിങ്ങിനു വിട്ടു. മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ സഹോദരിയുടെയും അമ്മയുടെയും പെരുമാറ്റത്തിൽ സംശയമുണ്ട്’’ – അശോകൻ പറഞ്ഞു.
.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!