പ്രവാചകനെതിരായ പരാമർശം: ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി ദേശീയവക്താവ് നൂപുര്‍ ശര്‍മയുടെ വിവാദപരാമര്‍ശത്തില്‍ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഈ രാജ്യങ്ങള്‍ ഏതാനും വര്‍ഷങ്ങളായി ഇന്ത്യക്കെതിരായി സംസാരിക്കുന്നവരാണ്. ഇത്തരം ചെറിയ അഭിപ്രായ പ്രകടനങ്ങളേക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്‍.എസ്.എസ് മേധാവിയും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും, അതിനാണ് നാം കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പ്രവാചക നിന്ദയെ അപലപിച്ച് കൂടുതൽ ആഗോള സംഘടനകളും രാജ്യങ്ങളും രംഗത്തെത്തി. കഴിഞ്ഞ ദിവസം മുതൽ അറബ് മേഖലയിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ഇന്ന് മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ), ജിസിസി സഖ്യം, മക്ക മദീന പള്ളികളുടെ മേൽനോട്ട ചുമതലയുള്ള ഇരുഹറം കാര്യാലയം തുടങ്ങിയവയും പ്രതിഷേധമറിയിച്ചു. പ്രവാചക നിന്ദയിൽ ഇന്ത്യൻ സ്ഥാനപതിയെ ഒമാനും പ്രതിഷേധമറിയിച്ചു.
അടിയന്തിര പ്രസ്താവനയിലൂടെയാണ് മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ) പ്രവാചക നിന്ദക്കെതിരെ അപലപിച്ചത്. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് ഉൾപ്പെടെയുള്ള വിദ്വേഷം ഉണർത്തുന്ന പ്രസ്താവനകൾ അപകടമാണെന്ന് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ മുന്നറിയിപ്പ് നൽകി.
പ്രവാചകനെ നിന്ദിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകളെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി ഗൾഫിലെ അറബ് രാജ്യങ്ങളുടെ സഹകരണ കൗൺസിലും (ജി.സി.സി) വ്യക്തമാക്കി.
ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ ഹീനമായ പ്രവർത്തനമാണെന്നും, ഇത്തരം പ്രവൃത്തികൾ മതങ്ങളോടുള്ള ബഹുമാനത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും ഇത് നടത്തുന്നവർ പ്രവാചകന്റെ ജീവചരിത്രം വായിച്ചിട്ടില്ലെന്നും ഇരു ഹറം കാര്യാലയം പ്രസ്താവനയിലൂടെ അപലപിച്ചു.
ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തില്‍ ഖത്തറും കുവൈത്തും ഇറാനും സൗദിയും അടക്കമുള്ള രാജ്യങ്ങളും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോ-ഓപറേഷനും പ്രതിഷേധിച്ചിരുന്നു. ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചു. വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമാണെന്നും സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്.
എന്നാല്‍ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍) പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഒ.ഐ.സിക്ക് ഇടുങ്ങിയ ചിന്താഗതിയാണ്, വിമര്‍ശനം അനുചിതമാണെന്നും വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം, എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കണമെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ പാകിസ്താനെതിരേയും ഇന്ത്യ ശക്തമായി രംഗത്തു വന്നിരുന്നു.
വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നുപുര്‍ ശര്‍മയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‍പെൻഡ് ചെയ്യുകയും പാര്‍ട്ടി ഡല്‍ഹി ഘടകം മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഗ്യാന്‍വാപി വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു നൂപുറിന്റെ വിവാദപരാമര്‍ശം. ഇതേച്ചൊല്ലിയാണ് വെള്ളിയാഴ്ച യു.പി.യിലെ കാന്‍പുരില്‍ വന്‍ സംഘര്‍ഷമുണ്ടായത്. ട്വിറ്ററിലായിരുന്നു നവീന്‍ ജിന്‍ഡലിന്റെ വിവാദ പോസ്റ്റ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Pingback: പ്രവാചക നിന്ദ: കേന്ദ്രസര്‍ക്കാരും ബിജെപിയും സമാനതകളില്ലാത്ത പ്രതിസന്ധിയിൽ. തിരിച്ചടി മറികടക