മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവ്വീസ് ഇന്ത്യ പുനരാരംഭിക്കും
ഹുദ ഹബീബ്
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 23മുതലാണ് ഇന്ത്യ രാജ്യാന്തര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. അതിന് ശേഷം ഓരോ മാസവും വിമാന വിലക്ക് നീട്ടി കൊണ്ടിരുന്നു. കഴിഞ്ഞ മാസം വിമാന സർവ്വീസ് പുനരാരംഭിക്കാൻ നീക്കമുണ്ടായിരുന്നുവെങ്കിലും പ്രത്യേക സാഹചര്യത്തിൽ വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടി വെച്ചു. അതിനിടെയാണ് സർവ്വീസുകൾ പുനരാരംഭിക്കാൻ ഒരുക്കങ്ങളാരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിക്കുന്നത്.
മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാനം സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഈ വർഷം ഫെബ്രുവരി 28നാണ് അവസാനമായി സർവീസുകൾ നിർത്തലാക്കിയ കാലാവധി നീട്ടിയത്. മാർച്ചിലെ വേനൽകാല ഷെഡ്യൂളുകൾ മുതൽ സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്ന അറിയിപ്പാണ് വ്യോമയാന മന്ത്രാലയത്തിൽ നിന്ന് പുറത്ത് വന്നത്. രണ്ട് വർഷത്തോളമായുള്ള പ്രവാസികളുടെ കാത്തിരിപ്പിന് അറുതിയാവുകയാണ്.