സ്‍പോണ്‍സര്‍ ഹുറൂബ് കേസിലാക്കി; നിയമക്കുരുക്കില്‍പ്പെട്ട പ്രവാസി വനിത നാട്ടിലേക്കു മടങ്ങി
റിയാദ്: സൗദിയില്‍ സ്‍പോണ്‍സര്‍ അന്യായമായി ഹുറൂബ് കേസിലാക്കിയതോടെ നിയമക്കുരുക്കില്‍പ്പെട്ട കര്‍ണാടക സ്വദേശിനി നാട്ടിലേക്ക് മടങ്ങി. ദമ്മാമിലെ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
കര്‍ണാടക പുത്തൂര്‍ സ്വദേശിനി സഫിയയാണ് സൌദിയിൽ നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയിരുന്നത്. നാട്ടിലേക്കു മടങ്ങിയത്. നാലു വര്‍ഷം മുന്‍പാണ് സഫിയ ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിക്കെത്തുന്നത്. രണ്ടു വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. ആദ്യമൊക്കെ എല്ലാ മാസവും കൃത്യമായി ശമ്പളം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്‌പോണ്‍സറുടെ സമ്പത്തിക സ്ഥിതി മോശമായതോടെ ശമ്പളം ലഭിക്കുന്നതിൽ കാല താമസം നേരിട്ട് തുടങ്ങി. ഈ നില തുടരാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ സ്പോണ്സർ സഫിയയെ മറ്റൊരു സൌദി കുടുംബത്തിന് കൈമാറി. ഇതിനായി നിയപ്രകാരം സ്പോണ്സർഷിപ്പ് മാറ്റിയിട്ടുണ്ടെന്നായിരുന്നു സ്പോണ്സർ സഫിയയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനിടെ സഫിയ അറിയാതെ അവരെ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) സ്റ്റാറ്റസില്‍ പെടുത്തിയിരുന്നു.
പുതിയ വീട്ടില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് അവധിക്ക് പോകാന്‍ ആഗ്രഹം പ്രകടിച്ചപ്പോഴാണ്, താന്‍ ഹുറൂബില്‍ ആണെന്ന് സഫിയ മനസ്സിലാക്കിയത്. അപ്പോഴേക്കും സഫിയ നാട്ടിൽ നിന്നെത്തിയിട്ട് മൂന്ന് വർഷത്തോളമായിരുന്നു. ഹുറൂബ് കേസിലകപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാനോ, ഇഖാമ പുതുക്കാനോ സാധിക്കാതെ സഫിയ കുടുങ്ങി. തുടര്‍ന്ന് സഫിയ ജോലി ചെയ്തു കൊണ്ടിരുന്ന വീട്ടുകാർ സഫിയയെ ദമ്മാം വനിതാ അഭയ കേന്ദ്രത്തില്‍ എത്തിച്ചു. അഭയകേന്ദ്രം അധികൃതര്‍ അറിയിച്ചത് അനുസരിച്ചു അവിടെയെത്തിയ നവയുഗം ആക്ടിങ് പ്രസിഡന്‍റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന്‍ സഫിയയുമായി സംസാരിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം അവരെ നാട്ടില്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം മണിക്കുട്ടൻ ഏറ്റെടുത്തു.
മഞ്ജുവിന്റെയും നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെയും ശ്രമഫലമായി ഓരോ നിയമക്കുരുക്കുകളും അഴിച്ചെടുത്തു. ഇന്ത്യന്‍ എംബസിയില്‍ നിന്നും സഫിയക്ക് ഔട്ട് പാസ് വാങ്ങി നല്‍കി. ഒടുവില്‍ വനിത അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്സിറ്റും അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചില കര്‍ണ്ണാടക സ്വദേശികള്‍ അവരുടെ ടിക്കറ്റ് സ്‍പോണ്‍സര്‍ ചെയ്തു. അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞു സഫിയ നാട്ടിലേയ്ക്ക് മടങ്ങി.