മലയാളി നഴ്സിൻ്റെ വധശിക്ഷ: സംഭവിച്ചത് എന്ത്, യെമൻ പൌരനെ കൊന്നത് എന്തിന് ?

യെമൻ പൌരൻ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചതോടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ദുഃഖ ഭാരത്തിലാണ് നിമിഷ പ്രിയയുടെ കുടുംബം. സുപ്രീം കോടതിയെ സമീപിക്കാമെങ്കിലും അപ്പീൽ കോടതിയുടെ തീരുമാനം സുപ്രീം കോടതി പുനപരിശോധിക്കില്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. നിമിഷപ്രിയയുടെ കുറ്റ സമ്മതം കീഴ്കോടതിൽ ഉള്ളതിനാൽ,  അപ്പീൽ കോടതിയുടെ  നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്ന് മാത്രമേ സുപ്രീം കോടതി പരിശോധിക്കുകയുള്ളൂ.

ദയാധനം നൽകുക എന്നതാണ് പിന്നെയുള്ള മാർഗ്ഗം. അതുമായി ബന്ധപ്പെട്ട നടപടികൾ സേവ് നിമിഷ ആക്‌ഷൻ കൗൺസിലിൻ്റെ തീരുമാനത്തിന് ശേഷം കൈകൊളളുവാനാണ് നീക്കം. ദയാദനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി ചർച്ച സാധ്യമാകുമെന്നാണു പ്രതീക്ഷ. ഇന്ത്യൻ എംബസിയും ചർച്ചകൾക്കു പിന്തുണ നൽകുമെന്നറിയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.

എങ്ങിനെയാണ് യെമൻ പൌരൻ കൊല്ലപ്പെട്ട കേസിൽ നിമിഷ പ്രിയ പ്രതിയാകുന്നത്

2017ലാണ് നിമിഷ പ്രിയക്കൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന യെമൻ പൌരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇത് ക്ലിനിക്കിനുള്ള ലൈസൻസ് നേടിയെടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം.

ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാൾക്കെതിരെ നിമിഷ നേരത്തെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ. പുറത്തിറങ്ങിയ ശേഷം  ശേഷം കൂടുതൽ ഉപദ്രവിക്കാൻ തുടങ്ങി. ജീവിക്കാൻ അനുവദിക്കില്ലെന്ന സാഹചര്യം വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കി. പിന്നീട് ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിമിഷ കോടതിയിൽ പറഞ്ഞത്.

മൃതദേഹം നശിപ്പിക്കാൻ മാർഗ്ഗങ്ങളില്ലാതെ വന്നപ്പോൾ കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് കവറുകളിലാക്കിയ ശേഷം വാട്ടർ ടാങ്കിൽ കൊണ്ടിട്ടു. ശേഷം അവിടെ നിന്നും സ്ഥലം വിട്ട നിമിഷ പ്രിയ 200 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ ജോലിക്കു ചേർന്നു. ഇതിനിടെ, തലാലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വോഷണം ആരംഭിച്ചിരുന്നു.

സംഭവത്തിന് ശേഷം കാണാതായ നിമിഷയുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിച്ച് വന്നു. നിമിഷയുടെ ചിത്രം പത്രങ്ങളിൽ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് കേസ് നടപടികൾ വന്നതും കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ചതും. ഇപ്പോൾ സൻആയിലെജയിലിലാണ് നിമിഷ. സംഭവത്തിൽ നിമിഷയെ സഹായിച്ച യെമൻകാരിയായ നഴ്സ് ഹനാനു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചിരുന്നു.

വധശിക്ഷ റദ്ദാക്കണമെന്ന നിമിഷയുടെ അപ്പീൽ യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ 2020 ഓഗസ്റ്റ് 26ന് ഫയലിൽ സ്വീകരിച്ചത് ആശ്വാസമായി. ഇതോടെ ശിക്ഷ നടപ്പാക്കുന്നതിന് സ്വാഭാവിക സ്റ്റേ ലഭിച്ചു. 90 ദിവസത്തിനകം നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷയ്ക്ക് എതിരെ നിമിഷയുടെ അഭിഭാഷകർക്ക് വാദിക്കാൻ 6 മാസത്തോളം സമയം ലഭിച്ചു.

നിമിഷ പ്രിയയുടെ ഭർത്താവ് പറയുന്നു

തലാൽ ജയിലില്‍ കിടക്കുമ്പോള്‍ നിമിഷ അവിടെ ചെന്നു അവനോട് കരഞ്ഞ് കെഞ്ചിപ്പറഞ്ഞതാണ്, പാസ്‌പോര്‍ട് എങ്കിലും താ, ക്ലിനിക്കും പണവും വണ്ടിയുമെല്ലാം നീ എടുത്തോളൂ എന്ന്. എന്നിട്ടും അവനതു കേട്ടില്ല. അവള്‍ക്ക് അന്ന് അങ്ങനെയെല്ലാം ചെയ്യേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അറിയാതെയായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. അവള്‍ ഭര്‍ത്താവിനെ കൊന്ന് നുറുക്കി ടാങ്കിലൊളിപ്പിച്ചെന്നു പറഞ്ഞവര്‍ വസ്തുത ആരോടും ചോദിച്ചിട്ടില്ല.

ഒരു ഭര്‍ത്താവെന്ന നിലയില്‍ എനിക്ക് എല്ലാം അറിയാമായിരുന്നു. അവനെ അവള്‍ ഒരിക്കലും ഭര്‍ത്താവാക്കിയിട്ടില്ല. കാമുകനും ആക്കിയിട്ടില്ല. അങ്ങനെ ഒരു താല്‍പര്യമെങ്കില്‍ എന്റെ വീട്ടില്‍ അവനെ കൂട്ടി വരുമായിരുന്നോ? അവര്‍ക്ക് കാമുകിയായൊ ഭാര്യാ ഭര്‍ത്താവായൊ ജീവിക്കാനായിരുന്നെങ്കില്‍ ഇത്ര അകലെ അത് എളുപ്പത്തില്‍ സാധിക്കുമായിരുന്നു. എന്നാല്‍ സത്യം ഇതൊന്നുമല്ലെന്ന് എങ്ങനെ ആരെപ്പറഞ്ഞു വിശ്വസിപ്പിക്കുമെന്ന് അറിയില്ല. ഭാര്യയ്‌ക്കൊപ്പം വിശ്വാസത്തിലും സ്‌നേഹത്തിലുമാണ് ജീവിച്ചു വന്നത്, ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആ വിശ്വാസമുണ്ട്.

സംഭവം നടന്നതിനെക്കുറിച്ച് വന്ന വാര്‍ത്തളെല്ലാം തെറ്റാണെന്ന് ഉറപ്പിച്ചു പറയാനാകും. ഞാന്‍ രണ്ടു വര്‍ഷം അവിടെ പോയി ജോലി ചെയ്തതാണ്. ഞങ്ങള്‍ രണ്ടു പേരും കൂടി ആലോചിച്ചാണ് അവിടെ ക്ലിനിക്കിടാന്‍ തീരുമാനിച്ചത്. അധ്വാനിച്ചു ജീവിക്കാനാണ് അവിടെ പോയത്. വരുമാനം ചെലവിന് മതിയാകാതെ വന്നപ്പോഴാണ് ക്ലിനിക്കിടാന്‍ തീരുമാനിച്ചത്. അവള്‍ക്ക് അതിനു കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. അത്ര മിടുക്കിയായിരുന്നു അവള്‍. വിധി ഇങ്ങനെയായിപ്പോയി.

ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിനായി ഒരു യെമന്‍കാരന്റെ സഹായം വേണ്ടിയിരുന്നു. അതിനു സഹായിക്കാമെന്നു പറഞ്ഞതിനാലാണ് അവനെ വിശ്വസിച്ചത്. ഇതോടെയാണ് 2004ല്‍ നാട്ടിലേയ്ക്ക് പോന്നതും പണം പലരില്‍ നിന്നു കടം വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചതും. എട്ടു മാസം കഴിഞ്ഞ് അവള്‍ ഒരു കൂട്ടുകാരിയെയും സഹായിക്കാമെന്നു പറഞ്ഞ തലാലിനെയും കൂട്ടി 2015 ജനുവരി 11ന് നെടുമ്പാശേരിയില്‍ വന്നു. അവരെ വിമാനത്താവളത്തില്‍ പോയി കൂട്ടിക്കൊണ്ടു വന്നതും താനാണ്. അന്നു തന്നെ കുഞ്ഞിന്റെ മാമോദീസയുമായിരുന്നു. അവള്‍ വരാന്‍ വേണ്ടി കാത്തിരുന്നതായിരുന്നു മാമോദീസയ്ക്ക്.

ഫെബ്രുവരി ഒമ്പതിനാണ് ഭാര്യ മടങ്ങിയത്. കിട്ടുമെന്ന് പ്രതീക്ഷിച്ച പണം മുഴുവന്‍ കിട്ടാതിരുന്നതിനാലാണു ഞാനും കുഞ്ഞും അവരോടൊപ്പം പോകാതിരുന്നത്. റിട്ടേണ്‍ ടിക്കറ്റ് എടുത്തു വന്നതിനാല്‍ അവള്‍ക്കു മടങ്ങേണ്ടി വന്നു. പണം പലതവണയായി അയച്ചും നല്‍കി. അവര്‍ പോയി ആശുപത്രിയുടെ കാര്യങ്ങളെല്ലാം തുടങ്ങി വച്ചു. ഇതിനിടെ 2015 മാര്‍ച്ചിലാണ് അവിടെ യുദ്ധം തുടങ്ങിയത്. വീസ അവിടെ ചെന്ന് അയച്ചു തരുമെന്നാണ് പറഞ്ഞത്. അതിനുള്ള പണം അധികവും അയച്ചിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ എംബസി പൂട്ടി. വിമാന സര്‍വീസുകള്‍ ഇല്ലാതെയായി. ഇതോടെ എനിക്ക് അവിടേയ്ക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. എന്തിനാണ് അവളെ ഒറ്റയ്ക്കു വിട്ടത് എന്ന പലരുടെയും ചോദ്യത്തിന് മറുപടി കൂടിയാണിത്.

ഇതിനിടെ നേരത്തേ ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ അബ്ദുള്‍ ലത്തീഫ് എന്നയാള്‍ വഴക്കുമായി വന്നു. ഇതെല്ലാം അവള്‍ അറിയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനത്തിന് അടുത്തായിരുന്നു പുതിയ ക്ലിനിക്ക്. അത് അദ്ദേഹത്തിന്റെ ബിസിനസ് കുറച്ചു. അവിടെ നിമിഷ ജോലി ചെയ്യണമെന്നാണ് ആവശ്യം. ഇതു കൂടിയതോടെ അടുത്തുള്ള ചില ഷെയിഖുമാരെ പോയിക്കണ്ട് സഹായം തേടി. ഒടുവില്‍ അവരുടെ മധ്യസ്ഥതയിലാണ് 33 ശതമാനം ഓഹരി അദ്ദേഹത്തിനു നല്‍കാന്‍ തീരുമാനിച്ചത്. അതിനുള്ള പണം അദ്ദേഹം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിലാണ് പിന്നീട് ലൈസന്‍സ് എടുത്തത്. ഇപ്പോഴും ക്ലിനിക്ക് അദ്ദേഹത്തിന്റെ പേരിലാണ്. പക്ഷെ അടഞ്ഞു കിടക്കുകയാണ്. ഈ സമയം യുദ്ധത്തിന്റെ പ്രശ്‌നങ്ങള്‍ വേറെയും.

പലരും നാട്ടിലേയ്ക്ക് വരാന്‍ പ്രയാസപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. യെമനില്‍ ഹോസ്റ്റലില്‍ കുടുങ്ങിയ മലയാളി സംഘത്തിന്റെ മുറ്റത്തു ബോംബു വീണതെല്ലാം വാര്‍ത്തയില്‍ കണ്ടിരുന്നു. ജൂണിലാണ് അവസാന സംഘം നാട്ടിലേയ്ക്കു വന്നത്. അന്ന് അവര്‍ ജിബൂട്ടി വഴി ഒരു കപ്പലില്‍ വന്ന് വിമാനത്തിലായിരുന്നു നാട്ടിലെത്തിയത്. ക്ലിനിക്  തുടങ്ങിയത് സനയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായിരുന്നു. ആരെങ്കിലും മലയാളികളോടു പറഞ്ഞ് അധിക പൈസ കൊടുത്തു വരട്ടേ പപ്പാ എന്നവള്‍ ചോദിച്ചതാണ്. അന്നതിന് പറ്റിയില്ല.

കൊല്ലപ്പെട്ട യെമൻ പൌരൻ തലാലിൻ്റെ കുടുംബത്തിന് ദയാധനം നൽകി മാപ്പ് നേടാനുകുമോ എന്ന അറ്റകൈ പ്രയോഗമാണ് ഇനി ചെയ്യാനുള്ളത്. ഇതിനായി ഇന്ത്യൻ എംബസിയും സഹായം വാഗ്ധാനം ചെയ്തിട്ടുണ്ട്. പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് നിമിഷപ്രിയയുടെ കുടുംബം. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയക്ക്  (33) ആറ് വയസ്സായ ഒരു കുഞ്ഞുണ്ട്.

ന്യൂസ് ഡെസ്കിൽ നിന്നും വാർത്തകൾ നേരിട്ടറിയാൻ ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share

One thought on “മലയാളി നഴ്സിൻ്റെ വധശിക്ഷ: സംഭവിച്ചത് എന്ത്, യെമൻ പൌരനെ കൊന്നത് എന്തിന് ?

Comments are closed.

error: Content is protected !!