3 വർഷം ഒരുമിച്ച് ജീവിച്ചു, യുവതി ഗർഭിണിയായിരിക്കെ മറ്റൊരു പ്രണയം; യുവാവ് അറസ്റ്റിൽ
പാലാ: വിവാഹവാഗ്ദാനം നൽകി മൂന്ന് വർഷം ഒരുമിച്ച് ജീവിച്ച ശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് (24) എസ്എച്ച്ഒ കെ.പി.ടോംസൺ അറസ്റ്റ് ചെയ്തത്. പീരുമേട് സ്വദേശിനിയായ യുവതിയേയും കുഞ്ഞിനേയുമാണ് ഹരികൃഷ്ണൻ ഉപേക്ഷിച്ചത്. മറ്റൊരാളുമായി 2015 ൽ യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ ഭർത്താവുമായുള്ള പൊരുത്തക്കേടുകൾ മൂലം പിരിഞ്ഞു താമസിക്കുമ്പോഴാണ് ഹരികൃഷ്ണനുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് 2018 മുതൽ യുവതി ഹരികൃഷ്ണനോടൊപ്പം താമസം ആരംഭിച്ചു. വിവാഹം കഴിച്ച് കൊള്ളാമെന്ന് ഹരികൃഷ്ണൻ ഉറപ്പ് നൽകിയത് കൊണ്ടാണ് ഒരുമിച്ച് താമസിച്ച് തുടങ്ങിയതെന്ന് യുവതി പറഞ്ഞു.
2021 ഡിസംബറിൽ ഹരികൃഷ്ണൻ കൊല്ലത്ത് മറ്റൊരു നഴ്സിങ് വിദ്യാർഥിനിയുമായി പ്രണയത്തിലായി. ഈ സമയം യുവതി 9 മാസം ഗർഭിണിയായിരുന്നു. തുടർന്ന് തന്നെ ഉപേക്ഷിക്കുകയാണെന്നും നഴ്സിങ് വിദ്യാർഥിനിയുമായി വിവാഹം ഉറപ്പിച്ചുവെന്നും ഹരികൃഷ്ണൻ യുവതിയോട് പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ യുവതി പ്രസവിച്ചു. ഇതിന് ശേഷം ഹരികൃഷ്ണൻ ശാരീരികമായും, മാനസികമായും ഉപദ്രവിച്ച് തുടങ്ങിയതായി യുവതി പറയുന്നു. വനിതാ കമ്മിഷനിൽ പരാതി നൽകിയ യുവതി കുഞ്ഞിനൊപ്പം കുറെക്കാലം വണ്ടൻപതാലുള്ള ആശ്രമത്തിൽ താമസിച്ചിരുന്നത്.
വീണ്ടും വിവാഹം കഴിച്ചുകൊള്ളാമെന്ന ധാരണയിൽ സ്വന്തം വീട്ടിലേക്കു യുവതിയെ കൂട്ടിക്കൊണ്ടുവന്നു. എന്നാൽ ഹരികൃഷ്ണൻ വീണ്ടും പീഡനം ആരംഭിച്ചതോടെ യുവതി ഡിവൈഎസ്പി ഷാജു ജോസിന് പരാതി നൽകി. ഹരികൃഷ്ണനെ ഡിവൈഎസ്പി ഓഫിസിലേക്കു വിളിച്ചെങ്കിലും എത്തിയില്ല. തുടർന്നു യുവതിയെയും കുഞ്ഞിനെയും കല്ലറ മഹിളാമന്ദിരത്തിലാക്ക് മാറ്റി. ഇതിനിടെ മാർച്ച് 3നു യുവതിയെ വിവാഹം ചെയ്യാമെന്ന് കാണിച്ച് ഹരികൃഷ്ണൻ വക്കീൽ നോട്ടിസ് അയച്ചു.
കൊഴുവനാൽ സബ് റജിസ്ട്രാർ ഓഫിസിൽ എത്തിയ യുവതിയെ വിവാഹത്തിനെത്താതെ യുവാവ് വീണ്ടും കബളിപ്പിച്ച് ഒളിവിൽ പോയി. വീണ്ടും പൊലീസിൽ യുവതി പരാതി നൽകിയതിനെത്തുടർന്ന് ഹരികൃഷ്ണനെ പിടികൂടുകയായിരുന്നു. എസ്എച്ച്ഒ കെ.പി. ടോംസ ൺ, എസ്ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ സി.രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.