പ്രവാസികൾക്ക് പ്രോവിഡൻ്റ് ഫണ്ട് ഏർപ്പെടുത്തുന്നു
പ്രവാസികൾക്ക് പ്രോവിഡന്റ് ഫണ്ട് ഏർപ്പെടുത്തുമെന്ന് ദുബൈ സർക്കാർ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ സർക്കാർ ജീവനക്കാരായ പ്രവാസികൾക്ക് മാത്രമേ പ്രോവിഡന്റ് ഫണ്ട് ഏർപ്പെടുത്തുകയുള്ളൂവെങ്കിലും, സ്വാകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കാൻ ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ നിർദേശം നൽകി. ദുബൈ കിരീടാവാകാശിയും കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാനാണ് ദുബൈ സർക്കാറിലെ പ്രവാസി ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതായി പ്രഖ്യാപിച്ചത്. ദുബൈയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഇത് എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് പഠനം നടത്താനും എക്സിക്യൂട്ടീവ് കൗൺസിൽ നിർദേശം നൽകി.
അന്താരാഷ്ട്ര നിലവാരത്തിലാണ് പദ്ധതി നടപ്പിലാക്കുക. ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അഥവാ ഡിഐഎഫ്സി യുടെ നേതൃത്വത്തിലാണ് പ്രോവിഡന്റ് ഫണ്ട് നടപ്പിലാക്കുന്നത്. ജീവനക്കാരിൽ നിന്ന് നിശ്ചിത വിഹിതം ഈടാക്കിയാണ് പദ്ധതിയുടെ നടത്തിപ്പ്. ഈ വിഹിതം വിവിധ മേഖലകളിൽ നിക്ഷേപിക്കാനും അവസരമൊരുക്കും. താൽപര്യമുള്ളവർക്ക് ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഫണ്ടിലോ, മുതൽമുടക്കിന് നഷ്ടംവരുത്താത്തവിധം ക്യാപിറ്റൽ പ്രോട്ടക്ഷൻ നൽകുന്ന രീതിയിലോ നിക്ഷേപിക്കാവുന്നതാണ്.
ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിലവിൽ പ്രവാസികൾക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് പുറമെയാണ് പി എഫ് ആനൂകൂല്യം ലഭ്യമാക്കുക. ദുബൈയിൽ ജോലി ചെയ്യുന്നവരുടേയും അവരുടെ കുടുംബത്തിൻ്റേയും ജീവിതവും സമ്പാദ്യവും കൂടുതൽ മെച്ചപ്പെട്ടതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.