യുഎഇയില്‍ തൊഴിൽ പെര്‍മിറ്റ് ലഭിക്കാന്‍ ആറു വ്യവസ്ഥകള്‍ പാലിക്കണം

ഹുദ ഹബീബ്

ദുബായ്: യു.എ.ഇ യില്‍ തൊഴിൽ പെര്‍മിറ്റ് ലഭിക്കാന്‍ ആറു വ്യവസ്ഥകള്‍ പ്രധാനമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.18 വയസ്സ് തികയാത്തവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ കൗമാരക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ പരിശീലനത്തിനായി നൽകി വരുന്ന പ്രത്യേക വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് ഇത് ബാധകമല്ല.

വര്‍ക് പെര്‍മിറ്റ് ലഭിക്കാന്‍ പാലിക്കേണ്ട ആറു വ്യവസ്ഥകള്‍:

1. പ്രഫഷനല്‍ ഒഴിവുകളിലേക്കുള്ള വര്‍ക്ക് പെര്‍മിറ്റിന് ഉയര്‍ന്ന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. ഇവ തസ്തികയ്ക്കു ചേരുന്നതായിരിക്കണം.

2. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വഭാവവുമായി ബന്ധമില്ലാത്ത തസ്തികകളും സര്‍ട്ടിഫിക്കറ്റുകളും സ്വീകരിക്കില്ല.

3. കമ്പനികളുടെ പേരില്‍ മന്ത്രാലയത്തില്‍ നിയമ ലംഘനമുണ്ടെങ്കിലും അപേക്ഷകള്‍ തിരസ്കരിക്കും.

4. സ്ഥാപന ഉടമയ്ക്ക് പകരം കമ്പനി ഇടപാടുകള്‍ക്ക് ചുമതലപ്പെടുത്തിയ വ്യക്തിയാണു അപേക്ഷകളില്‍ ഒപ്പുവയ്ക്കുന്നതെങ്കില്‍ അതു തെളിയിക്കുന്ന രേഖയും സമർപ്പിക്കേണ്ടതാണ്.

5. സ്ഥാപനത്തിന്റെ ട്രേഡ് ലൈസന്‍സ് കാലാവധി തീര്‍ന്നാലും വീസ അപേക്ഷകള്‍ സ്വീകരിക്കില്ല.

6. തൊഴില്‍ വിസകള്‍ പുതുക്കുമ്പോൾ യോഗ്യത തെളിയിക്കേണ്ട തസ്തികകളില്‍ സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. പുതിയതും പുതുക്കുന്നതുമായ തൊഴില്‍ വീസകള്‍ക്ക് ഫീസ് നിശ്ചയിക്കുന്നത് മന്ത്രാലയത്തിലെ പട്ടികയില്‍ കമ്പനിയുടെ സ്ഥാനം പരിഗണിച്ചായിരിക്കും.

Share
error: Content is protected !!