വിട്ടിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ ശബ്ദത്തോടെ മുകളിലേക്കുയർന്നു

ഒറ്റപ്പാലം: ചുനങ്ങാട് കാഞ്ഞിരക്കടവിലെ വീടിനു മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിച്ച സിലിണ്ടർ വിണ്ടുകീറിയിട്ടുണ്ട്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നും സംഭവം. ഉയർന്ന ശബ്ദത്തോടെ മുകളിലേക്ക് തെറിച്ച ശേഷം വീടിൻ്റെ മേൽകക്കൂരയിൽ തട്ടി നിലത്ത് വീഴുകയായിരുന്നു. സിലിണ്ടർ മുറ്റത്തായിരുന്നതിനാൽ തീ പടർന്നില്ല. ഇത് മൂലം ഒരു വൻ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. കാഞ്ഞിരക്കടവ് കുളത്തിങ്കൽ ഷെരീഫിന്റെ വീട്ടിലാണ് സംഭവം നടന്നത്. വീടിന്റെ പൂമുഖത്തോടു ചേർന്നുള്ള മുറ്റത്ത് വെച്ചായിരുന്നു സിലിണ്ടർ പൊട്ടിത്തെറിച്ചത്.

സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ മുറ്റത്തൊട്ടാകെ  കറുത്ത പുക വ്യാപിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. സിലിണ്ടർ മേൽക്കൂരയിൽ ഇടിച്ചത് മൂലം ഓട് മേഞ്ഞ മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഗ്യാസ് സിലിണ്ടർ ഇറക്കിയിരുന്നത്. സിലിണ്ടർ പുറത്ത് തന്നെ വെച്ചതും, തീ പടരാതിരുന്നതും, അടുത്ത ആളില്ലാതിരുന്നതും വലിയ അപകടം ഇല്ലാതാക്കി.

സംഭവമറിഞ്ഞ് ഗ്യാസ് ഏജൻസി പ്രതിനിധികൾ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സിലിണ്ടർ പൊട്ടിതെറിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വിദഗ്ധ സംഘമെത്തി സിലിണ്ടർ പരിശോധിക്കുമെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

Share
error: Content is protected !!