മലയാളി വ്ളോഗർ റിഫയുടെ മരണം: ഭർത്താവ് പണം മൊത്തം ചെലവഴിച്ചു. ദുബായിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ
കോഴിക്കോട്: യുട്യൂബറും വ്ളോഗറുമായ റിഫ മെഹനുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ദുബൈയിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ടായിരുന്ന റിഫ മെഹനുവിനെ കഴിഞ്ഞ ദിവസമാണ് ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൻ്റെ തലേ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റിഫയുടെ ആത്മഹത്യ കുടുംബങ്ങളേയും ആരാധകരേയും അമ്പരപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് റിഫ. 21 വയസ്സായിരുന്നു. കാസർകോട് നീലശ്വരം സ്വദേശിയായ മെഹനാസുമായി റിഫ പരിചയപ്പെടുന്നത് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി. പതിനെട്ട് വയസ്സ് തികഞ്ഞ ഉടനെ മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. ഇപ്പോൾ ഒന്നര വയസ്സുള്ള മകനുണ്ട്. ഇരുവരും ഒന്നിച്ചുള്ള വിഡിയോ ആൽബവും, പ്രമോഷൻ വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ടായിരുന്നു. 3 മാസം മുൻപാണ് ഇരുവരും സന്ദർശക വിസയിൽ ദുബായിലെത്തിയത്. ഇടയ്ക്ക് റിഫ തനിച്ച് നാട്ടിലെത്തി മകനെ മാതാ പിതാക്കളെ ഏൽപ്പിച്ചു തിരിച്ചു പോയി. മരണത്തിന്റെ തലേദിവസം മകനെയും മാതാപിതാക്കളെയും വിളിച്ചു സംസാരിച്ചതിനു ശേഷമാണ് റിഫ ആത്മഹത്യചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ പകിട്ടോടെയാണു റിഫയും മെഹനാസും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും യഥാർഥ ജീവിതം വ്യത്യസ്ഥമായിരുന്നു. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കുൾ നൽകുന്ന സൂചന. സ്വന്തമായി വീടില്ലാത്തതിനാൽ ബന്ധുവിൻ്റെ വീട്ടിലായിരുന്നു റിഫയും കുടുംബവും കഴിഞ്ഞിരുന്നത്. മെഹനാസിനും ജോലിയുണ്ടായിരുന്നില്ല. സ്വന്തമായി വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നും റിഫയും മെഹനാസും മൂന്ന് മാസം മുമ്പ് സന്ദർശന വിസയിൽ ദുബൈയിലെത്തിയത്. ഇതിനിടെ റിഫയ്ക്ക് പർദ കടയിൽ ജോലി ശരിയായെങ്കിലും, മെഹനാസിന് ജോലി തരപ്പെട്ടില്ല. മാത്രവുമല്ല മഹനാസിൻ്റെ വിസ കാലാവധി അവസാനിക്കാറാകുകയും ചെയ്തു. തുടർന്ന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ സംസാരമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.
ആരാധകർ കാണുന്ന വീഡിയോകളിലെ ഐക്യം റിഫയുടേയും മെഹനാസിൻ്റേയും യഥാർഥ ജീവിതത്തിലില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സോഷ്യൽ മീഡിയ പ്രമോഷനൽ വിഡിയോകളൂടെ റിഫക്ക് ലഭിച്ചിരുന്ന വരുമാനം മെഹനാസാണ് ചെലവാക്കിയിരുന്നതന്നും, ഇക്കാര്യ ചൊല്ലി ഇരുവർക്കുമിടയിൽ അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. മാത്രവുമല്ല റിഫയുടെ ഫോൺ പോലും മെഹനാസിന്റെ കൈവശമായിരുന്നുവെന്നും ആരോപണമുണ്ട്. മരിക്കുന്നതിൻ്റെ തലേദിവസം റിഫ വീട്ടിലേക്കു ഫോൺ ചെയ്തത് കടയിൽ നിന്നുള്ള ഫോണിലാണ്. റിഫയെ വിളിക്കണമെങ്കിൽ മെഹനാസിന്റെ ഫോണിൽ വിളിക്കണമെന്നാണ് ബന്ധുക്കൾ പറയുന്നത്.
സംഭവ ദിവസം രാത്രി ജോലിയുമായി ബന്ധപ്പെട്ട് റിഫ വിരുന്നിനു പോയിരുന്നു. തിരിച്ചെത്താൻ വൈകുമെന്നു ഭർത്താവിനെ അറിയിച്ചിരുന്നു. പിന്നീട് കൂട്ടുകാർക്കൊപ്പം പുറത്തു പോയ ഭർത്താവ് മെഹനാസ് തിരിച്ചെത്തുമ്പോഴാണ് റിഫയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദർശക വീസ തീർന്ന മെഹനാസ്, റിഫയെ നാട്ടിലേക്കു തിരിച്ചു വരാൻ നിർബന്ധിച്ചതിന്റെ മാനസിക സമ്മർദമുണ്ടായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. മരണ ശേഷം മെഹനാസ് ഇതു വിവരിക്കുന്നതു വിഡിയോ സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് ഇടപെട്ടു വിഡിയോ ഡിലീറ്റ് ചെയ്യിച്ചു.
മരിക്കുന്നതിനു മുൻപ് രാത്രി ഒൻപതോടെ റിഫ വിഡിയോകോളിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്തു നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞു മകന് ചുംബനം നൽകിയാണു സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം കടുംകൈ ചെയ്യാൻ വിധത്തിൽ മാനസികമായ തളർന്നത് എങ്ങനെ എന്നാണു ബന്ധുക്കൾ ചോദിക്കുന്നത്.
റിഫയുടെ മരണകാരണം പുറത്തു കൊണ്ടു വരാൻ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടു ദുബായിൽ പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ. ഒരു മാസം മുൻപാണ് റിഫ അവസാനമായി ദുബായിലേക്കു തിരിച്ചു പോയത്. എന്ത് കൊണ്ട് റിഫ ആത്മഹത്യ ചെയ്തു എന്നത് പുറത്ത് വരണം. ഇവിടെ അന്വോഷിച്ച് കാര്യമില്ലെന്നും കെ.എം.സി.സി യുമായി ബന്ധപ്പെട്ട് ദുബായിയിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.