എത്രമാത്രം എൻ്റെ കുട്ടി വേദനിച്ചിട്ടുണ്ടാകും, എന്തൊക്കെ സഹിച്ചിട്ടുണ്ടാവും ? ഹൃദയം മുറിക്കുന്ന കുറിപ്പുമായി മിഹിറിൻ്റെ ഉമ്മ
തൃപ്പൂണിത്തുറയിൽ ജീവനൊടുക്കിയ പതിനഞ്ചുകാരൻ മിഹിർ അഹമ്മദ് സ്കൂളിൽ നിന്ന് ക്രൂരപീഡനം നേരിട്ടതിനേക്കുറിച്ച് അമ്മ റജ്ന തെളിവുസഹിതം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. മിഹിർ ജീവനൊടുക്കിയതിനേക്കുറിച്ച് അധിക്ഷേപകരമായ ഭാഷയിൽ സംസാരിക്കുന്ന ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയാണ് റജ്ന പങ്കുവെച്ചത്. ക്ലോസറ്റിൽ ബലാൽക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ളഷ് ചെയ്യുകയും ടോയ്ലറ്റിൽ നക്കിക്കുകയും ചെയ്തിരുന്നുവെന്ന് കുറിപ്പിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ മരണശേഷവും മകനെതിരെ അധിക്ഷേപം തുടരുന്നതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് റജ്ന.
.
മകന്റെ മരണത്തേക്കുറിച്ച് ആരോ പടച്ചുവിട്ട വീഡിയോ സഹിതമാണ് റജ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഒരു മാതാവ് എന്നനിലയിൽ എത്രമാത്രം വേദനയുണ്ടാക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്ന് ഊഹിക്കാൻ കഴിയുമോ എന്ന് റജ്ന ചോദിക്കുന്നു. ഈ ക്രൂരത തന്നെയല്ലേ അവന്റെ ജീവനെടുത്തതെന്നും തന്റെ കുട്ടി എത്രമാത്രം വേദനിച്ചിട്ടുണ്ടാകുമെന്നതിൽ കൂടുതൽ വ്യക്തത ലഭിക്കുകയാണെന്നും റജ്ന കുറിച്ചു. ടോയ്ലറ്റിൽ മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യപ്പെട്ട, അതിക്രൂരമായി റാഗ് ചെയ്യപ്പെട്ട ഒരാൾക്ക് poopyhead എന്ന ഓമനപ്പേരാണ് ലഭിച്ചതെന്നും എന്തൊക്കെ അപമാനങ്ങൾ മകൻ സഹിച്ചിട്ടുണ്ടാകുമെന്നും കുറിപ്പിലുണ്ട്.
.
View this post on Instagram
.
കുറിപ്പിന്റെ പൂർണ രൂപം…
വളരെ വേദനയോടെ ഒരു വീഡിയോ ഇവിടെ പങ്കുവെക്കുകയാണ്. ആരാണിത് പടച്ചുവിട്ടത് എന്നെനിക്ക് അറിയില്ല. ഒരു മാതാവ് എന്നനിലയിൽ എത്രമാത്രം വേദനയുണ്ടാക്കുന്നതാണ് ഇത്തരം കാര്യങ്ങൾ എന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?
എന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഇത്തരം അടിക്കുറിപ്പുകളോടെ ഇതൊക്കെ പടച്ചുവിടുന്നവരുടെ മനസ്സ് എത്രമാത്രം ക്രൂരമായിരിക്കും. മനുഷ്യത്വരഹിതമായിരിക്കും.
ഈ ക്രൂരത തന്നെയല്ലേ അവന്റെ ജീവനെടുത്തത്. എത്രമാത്രം എന്റെ കുട്ടി വേദനിച്ചിട്ടുണ്ടാകുമെന്ന് ഇപ്പോൾ ഓരോ വാർത്തകൾ പുറത്തുവരുമ്പോഴും കൂടുതൽ കൂടുതൽ വ്യക്തത ലഭിക്കുകയാണ്…
കുട്ടികൾക്ക് എങ്ങനെയാണ് ഇത്ര ക്രൂരന്മാരാകാൻ സാധിക്കുന്നത്? സ്നേഹം, കരുണ, ദയ, മനുഷ്യത്വം എന്നിവയൊക്കെ തീർത്തും അന്യമായ ഒരു തലമുറയാണോ ഇത്? അവർക്കിടയിൽ ഇനി ജീവിക്കേണ്ടതില്ല എന്ന് എന്റെ മകൻ എടുത്ത തീരുമാനം സ്വാഭാവികം മാത്രമെന്ന് തോന്നിപ്പോകുന്നു…
അവർ അവനെ വിളിച്ചത് poopyhead എന്നായിരുന്നത്രേ. ടോയ്ലറ്റിൽ മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യപ്പെട്ട, അതിക്രൂരമായി റാഗ് ചെയ്യപ്പെട്ട ഒരാൾക്ക് ലഭിച്ച ഓമനപ്പേര്. എന്തൊക്കെ അപമാനങ്ങൾ എന്റെ കുട്ടി സഹിച്ചിട്ടുണ്ടാവണം. ഇതൊക്കെ ചേർത്ത് അവന്റെ മരണംപോലും പ്രതീകവത്കരിച്ചുകൊണ്ട് ഏതോ മനുഷ്യത്വരഹിതരായ വിദ്യാർഥിക്കൂട്ടം ഇറക്കിയ ഈ വീഡിയോ എല്ലായിടത്തും എത്തിക്കഴിഞ്ഞു.
ഇതെല്ലാം ഒന്ന് ഉറപ്പിക്കുന്നുണ്ട്.
അവനു നീതി ലഭിക്കുന്നതുവരെ എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും….
എല്ലാവരും കൂടെയുണ്ടാവണം.
.
മിഹിര്‍ ജീവനൊടുക്കിയതിനെ കുറിച്ച് അധിക്ഷേപകരമായ ഭാഷയില്‍ സംസാരിക്കുന്ന ചാറ്റിന്റെ സക്രീന്‍ഷോട്ടുകൾ റജ്ന നേരത്തേ പുറത്തുവിട്ടിരുന്നു.
‘സ്‌കൂളില്‍ വെച്ചും സ്‌കൂള്‍ ബസില്‍ വെച്ചും ഞങ്ങളുടെ മകന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേല്‍ക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്തുവാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമില്‍ കൊണ്ട് പോയി അവനെ അതികഠിനമായി ഉപദ്രവിക്കുകയും ക്ലോസറ്റില്‍ ബലാല്‍ക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ളഷ് ചെയ്യുകയും ടോയ്ലറ്റില്‍ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമായ കാര്യങ്ങളാണ്. ഇപ്പോഴും ഒരു പേര് കേട്ട വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രാകൃതമായ ഇത്തരം ചെയ്തികള്‍ അനുവദിക്കുന്നു എന്നതും അതുമൂലം ഒരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നതും അത്യധികം ഗൗരവമുള്ള കാര്യങ്ങളായി സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അവന്‍ മരണപ്പെട്ട ശേഷവും അത് ആഘോഷിക്കുന്ന ക്രൂരതയിലേക്ക് ആ വിദ്യാര്‍ത്ഥിക്കൂട്ടം എത്തി എന്നത് നിസ്സാരമായ ഒന്നല്ല. മെസേജുകളിലൂടെ മരണം വരെ തിമര്‍ത്ത് ആഘോഷിച്ച ആ ക്രിമിനലുകളുകളുടെ മെസേജുകളില്‍ നിന്ന് തന്നെ എത്രമാത്രം എന്റെ കുട്ടിയെ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ പ്രയാസപ്പെടുത്തിയിട്ടുണ്ടാകും എന്ന് വായിച്ചെടുക്കാന്‍ കഴിയും.’ -റജ്ന കുറിച്ചു.
.
മിഹിറിന്റെ മരണശേഷം ‘ജസ്റ്റിസ് ഫോര്‍ മിഹിര്‍’ എന്ന പേരില്‍ സഹപാഠികള്‍ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഈ ഗ്രൂപ്പ് വഴിയും മിഹിറിന്റെ ചില സുഹൃത്തുക്കള്‍ വഴിയുമാണ് ബന്ധുക്കള്‍ക്ക് ചാറ്റുകളും മറ്റു തെളിവുകളും ലഭിക്കുന്നത്. എന്നാല്‍, ഈ ഗ്രൂപ്പ് രണ്ട് ദിവസത്തിനകം തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടെന്ന് മിഹിറിന്റെ മാതൃസഹോദരന്‍ ശരീഫ് പറഞ്ഞിരുന്നു. ഗ്രൂപ്പില്‍നിന്നുള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കാര്യമായ നടപടികള്‍ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയതെന്നും ശരീഫ് വ്യക്തമാക്കി.
സംഭവത്തിൽ ബാലാവകാശ കമ്മിഷൻ അംഗങ്ങളും ശനിയാഴ്ച തെളിവെടുപ്പ് നടത്തി. കേസന്വേഷിക്കുന്ന പോലീസ് സംഘത്തലവനെയും കണ്ട് വിവരങ്ങൾ ആരാഞ്ഞു. മിഹിറിന്റെ സഹപാഠികളായ മൂന്ന് കുട്ടികളെയും കണ്ട് പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ക്ലാസ് ടീച്ചറുടെയും മൊഴി എടുത്തു.
മിഹിറിന്റെ മരണത്തിനു പിന്നാലെ ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടതും പിന്നീട് ഇത് അപ്രത്യക്ഷമായതും സംബന്ധിച്ച് കുടുംബം പരാതിയിൽ പറഞ്ഞിരുന്നു. ഇങ്ങനെ ഇൻസ്റ്റഗ്രാം പേജ് ചെയ്ത കുട്ടികളെ പോലീസിന് മനസ്സിലാക്കാനായിട്ടുണ്ടെന്നാണ് വിവരം.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.