സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിനി മരിച്ച സംഭവം: ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ, മൊബൈൽ ഉപയോഗിച്ചതിൻ്റെയും തെളിവുകൾ പുറത്ത് – വീഡിയോ
തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ ഒരു വിദ്യാർഥിനി മരിക്കാനിടയായ സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ. ഇയാൾ മുഴുസമയമദ്യപാനിയാണെന്നും നാട്ടുകാർ ആരോപിച്ചു. നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നായിരുന്നു ആദ്യ സൂചന. അതിന് പിന്നാലെയാണ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നത്. ഇയാൾ ഇന്ന് ഒരു ദിവസത്തേക്ക് മാത്രമായി ജോലിക്ക് കയറിയ താൽക്കാലിക ജീവനക്കാരനാണെന്നും, സ്ഥിരമായി ഈ ബസ് ഓടിക്കുന്ന ഡ്രൈവർ ഇന്ന് അവധിയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
.
.
ഡ്രൈവർ നിസാം വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചിരുന്നതായും തെളിവുകൾ പുറത്ത് വന്നു. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതിൻ്റെ തെളിവുകളാണ് പുറത്തുവന്നത്. സ്കൂളില്‍ കുട്ടികള്‍ ഇരിക്കുന്ന ദൃശ്യമാണ് നിസാം സ്റ്റാറ്റസ് ഇട്ടത്. അതിലെ സമയം കാണിക്കുന്നത് വൈകുന്നേരം 4.03 ആണ്. അതേ സമയത്താണ് അപകടവും നടന്നത്. അതുകൊണ്ടുതന്നെ അപകടം നടക്കുമ്പോള്‍ ഇയാള്‍ വാട്സാപ്പ് ഉപയോഗിച്ചിരുന്നു എന്ന സംശയമാണ് ഉയരുന്നത്.
.
എന്നാൽ അപകട സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ നിസാമുദ്ദീന്‍ പ്രതികരിച്ചു. നേരത്തെ ഇട്ട വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ആയതാകാമെന്നും ഇയാള്‍ പറഞ്ഞു. വളവില്‍വെച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായെന്നാണ് നിസാം നല്കിയ മൊഴി. ബസ്സിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ബ്രേക്കിന് ഉള്‍പ്പെടെ തകരാറുണ്ടെന്ന് സ്കൂള്‍ അധികൃതരോട് നേരത്തെ പറഞ്ഞിരുന്നതാണെന്നും നിസാം വ്യക്തമാക്കി. അവധിക്കാലം കഴിയുന്നതുവരെ ഈ ബസ് ഓടിക്കാം എന്നാണ് സ്കൂള്‍ അധികൃതര്‍ അന്ന് മറുപടി നല്‍കിയതെന്നും നിസാം പറയുന്നു.
.
ഡ്രൈവറുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ച്ചയാണെന്ന് ബസ് പരിശോധിച്ചശേഷം മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. ബ്രേക്കിന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ബ്രേക്ക് പിടിച്ചതിന്റെ പാടുകള്‍ റോഡിലുണ്ട്. പ്രത്യക്ഷത്തില്‍ ഡ്രൈവര്‍ ഓവര്‍ സ്പീഡായിരുന്നുവെന്നും അശാസ്ത്രീയമായ രീതിയിലാണ് ഡ്രൈവര്‍ വണ്ടി വളവില്‍വെച്ച് തിരിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ റിയാസ് വ്യക്തമാക്കിയിരുന്നു.
രേഖാപ്രകാരം സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. ഡിസംബര്‍ 29-നാണ് കാലാവധി കഴിഞ്ഞത്. എന്നാല്‍ അത് ഏപ്രിലിലേക്ക് നീട്ടിക്കൊടുത്തിട്ടുണ്ട്. 2011 മോഡല്‍ വണ്ടിയാണ് അപകടത്തില്‍ പെട്ടതെന്നും എം.വി.ഡി ഉദ്യോഗസ്ഥന് വ്യക്തമാക്കിയിരുന്നു.
.
.
കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് മറിഞ്ഞത്. സ്കൂൾ വിട്ട് കുട്ടികളുമായി വരികയായിരുന്നു ബസ്. കിരാത്ത് എന്ന സ്ഥലത്ത് കുട്ടികളെ ഇറക്കിയശേഷം വളക്കൈയിലേക്ക് പോകവേ വളക്കൈ പാലത്തിനടുത്തുള്ള ഇറക്കത്തിലായിരുന്നു അപകടം നടന്നത്. ഇറക്കത്തിൽവച്ച് ബസ് നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിച്ചശേഷം തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാനപാതയിലേക്ക് മറിയുകയായിരുന്നു. ഒന്നിലധികം തവണ ബസ് മലക്കംമറിഞ്ഞു. ഇന്നു വൈകീട്ട് നാലരയോടെയാണു നാടിനെ ഞെട്ടിച്ച അപകടം.
.
വളവും ചെറിയ ഇറക്കവുള്ള റോഡിൽ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ റോഡിന്റെ നിർമാണം അശാസ്ത്രീയമായാണെന്നും അപകടങ്ങളുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ബസിന്റെ മുൻസീറ്റിലാണ് മരിച്ച അഞ്ചാംക്ലാസുകാരി നേദ്യ ഇരുന്നിരുന്നത്. ബസ് നിയന്ത്രണംവിട്ട സമയം പുറത്തേക്ക് തെറിച്ചുവീണ നേദ്യയുടെ ശരീരത്തിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാർ ചേർന്ന് ബസ് പൊക്കി നേദ്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 18 വിദ്യാർഥികളും ഡ്രൈവറും ആയയുമാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ഡ്രൈവറും കുട്ടികളെ നോക്കുന്ന ആയയും തളിപ്പറമ്പ് ആശുപത്രിയിലാണുള്ളത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



