5 ദിവസത്തിനകം 3 ലക്ഷം റിയാൽ നൽകണം; ഇല്ലെങ്കിൽ യാത്രാവിലക്കും നിയമനടപടികളും, മലയാളിയെ കുടുക്കി സ്‌പോൺസറുടെ ഓഫിസിലെ സൗദി പൗരൻ, വിനയായത് മൊബൈൽ ഫോണും ഒടിപിയും കൈവിട്ട് കൊടുത്തത്
റിയാദ്: മൊബൈൽ വിവരങ്ങളും അബ്‌ഷിർ വിശദാംശങ്ങളും ലാപ്ടോപ്പും കൈമാറുമ്പോൾ അതീവ ജാഗ്രത വേണമെന്ന കാര്യം വീണ്ടും ആവർത്തിച്ചുറപ്പിക്കുന്നതാണ് സൗദിയിൽ നിന്നുള്ള ഈ മലയാളിയുടെ അനുഭവം. നാട്ടിലേക്ക് റീ എൻട്രിക്ക് പോകാനായി സ്വന്തം സ്‌പോൺസറുടെ ഓഫിസിൽ മൊബൈൽ നമ്പറും അബ്‌ഷിറും നൽകിയ മലയാളി കുരുക്കിലായത് ഒരു വർഷത്തോളം. ഒടുവിൽ കോടതിയുടെ ഇടപെടലാണ് ആലപ്പുഴ സ്വദേശിക്ക് തുണയായത്. മൂന്ന് ലക്ഷം റിയാലിന്‍റെ പരാതിയാണ് മലയാളിക്കെതിരെ സ്‌പോൺസറുടെ ഓഫിസിലെ സൗദി പൗരൻ നൽകിയിരുന്നത്.
.
റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിനെതിരെ സ്‌പോൺസറുടെ ഓഫിസ് ജീവനക്കാരനായ സൗദി പൗരനാണ് ഒരു വർഷം മുൻപ് പരാതി നൽകിയത്. അവധിക്ക് പോകാനായി സ്‌പോൺസറുടെ ഓഫിസിലെത്തിയ മലയാളിയിൽ നിന്ന് മൊബൈൽ ഫോണും ഒടിപിയും ജീവനക്കാരൻ വാങ്ങിയിരുന്നു.
.
എന്നാൽ അടുത്ത ദിവസം സൗദി നീതിന്യായ മന്ത്രാലയത്തിൽ നിന്ന് അഞ്ച് ദിവസത്തിനകം മൂന്ന് ലക്ഷം റിയാൽ ഒരു സൗദി പൗരന് നൽകണമെന്നും ഇല്ലെങ്കിൽ അഞ്ച് ദിവസത്തിനു ശേഷം യാത്രാ വിലക്ക് ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ലഭിക്കുകയും ചെയ്തു. തുടർന്ന് മലയാളി സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂരിനെ ആലപ്പുഴ സ്വദേശി ബന്ധപ്പെടുകയായിരുന്നു.
.
സ്‌പോൺസറുടെ ഓഫിസിൽ ഗവൺമെന്‍റ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സൗദി പൗരന് മൂന്ന് ലക്ഷം റിയാൽ (66 ലക്ഷം രൂപ) കൊടുക്കാനുണ്ടെന്ന് പറഞ്ഞുള്ള പ്രോമിസറി നോട്ട് തയ്യാറാക്കിയാണ് കേസ് നൽകിയത്. തുടർന്ന് ജനറൽ കോടതിയിൽ ഇതിനെതിരെ കേസ് ഫയൽ ചെയ്തു. ഇന്ത്യൻ എംബസിയിൽ നിന്ന് ഈ കേസിൽ ഇടപെടാനുള്ള അനുമതിപത്രം ലഭിച്ച ശേഷം കോടതി സിറ്റിങ്ങിലെല്ലാം നിയമ വിദഗ്ധൻ ഉസാമ അൽഅംബറിനോടൊപ്പം മലയാളിക്ക് ആവശ്യമായ പിന്തുണ സിദ്ദീഖ് തുവ്വൂർ നൽകി. എതിർ കക്ഷി ഉന്നയിക്കുന്ന വാദങ്ങൾക്ക് വ്യക്തമായ രേഖകളുണ്ടാകാത്തത് മലയാളിക്ക് തുണയായി. ഒടുവിൽ സൗദി പൗരൻ നൽകിയ പരാതി തള്ളിയ കോടതി മലയാളിക്ക് അനുകൂലമായി വിധിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.