യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടകക്കാരനായ നവീൻ കുമാർ ആണ് ഹർകീവിൽ കൊല്ലപ്പെട്ടത് . നാലാംവർഷ എംബിബിഎസ് വിദ്യാർഥിയാണ് നവീൻ കുമാർ. മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യൻ ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു.
റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കിയവ് ലക്ഷ്യമാക്കി വൻ സേനാവിന്യാസം നടത്തുന്ന പശ്ചാത്തലത്തിൽ മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കിയവ് വിടണമെന്ന മുന്നറിയിപ്പ് ഇന്ത്യൻ എംബസി നൽകിയിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കിയവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാർഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുകയാണ്. കിയവ് ലക്ഷ്യമിട്ട് റഷ്യ വൻ സേനാവിന്യാസം നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. 64 കിലോമീറ്റർ നീളത്തിൽ റഷ്യൻ സൈനികവ്യൂഹം സഞ്ചരിക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
അതിനിടെ യുക്രെയ്നിലെ ഇന്ത്യക്കാർക്ക് സുരക്ഷ ഒരുക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്. വിദേശകാര്യ സെക്രട്ടറി റഷ്യ, യുക്രെയ്ൻ സ്ഥാനപതിമാരുമായി ചർച്ച നടത്തി. സംഘർഷമേഖലകളിൽ നിന്ന് ഇന്ത്യക്കാർക്ക് സുരക്ഷിതമാർഗം ഒരുക്കാൻ ആവശ്യപ്പെട്ടു.