സൗദിയില്‍ പുതിയ അഞ്ചു പ്രകൃതി വാതക പാടങ്ങള്‍ കൂടി
ഹുദ ഹബീബ്
റിയാദ്:പുതിയ അഞ്ചു വാതക പാടങ്ങള്‍ കൂടി സൗദി അറേബ്യയില്‍ നാലു മേഖലകളില്‍ നിന്നു കണ്ടെത്തിയതായി സൗദി അരാംകോ അറിയിച്ചു.പ്രതിദിനം നൂറ് ദശലക്ഷം ക്യുബിക് അടിയിലധികം ഇന്ധനം ഉത്പാദിപ്പിക്കാന്‍ കഴിയുന്നവയാണ് പുതിയ പാടങ്ങളെന്നു അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ ലാഭകരമായ രീതിയില്‍ വൈദ്യുതി ഉത്‌പാദനത്തിനായി കത്തുന്ന എണ്ണയുടെ അളവ് കുറയ്ക്കാനും,കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വാതക ഉത്പാദനത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന സമയത്താണ് രാജ്യം പുതിയ വാതക പാടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.മധ്യമേ ഖല, റുബുഉല്‍ ഖാലി, വടക്കന്‍ അതിര്‍ത്തി, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങളെന്ന് ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
പുതുതായി കണ്ടെത്തിയ പ്രകൃതിവാതക പാടങ്ങള്‍ മധ്യമേഖലയില്‍ റിയാദില്‍ നിന്നു തെക്കു കിഴക്കന്‍ 180 കിലോ മീറ്റര്‍ മാറി ഷാദൂന്‍ റുബുഉല്‍ ഖാലിയിലെശൈബയില്‍ നിന്നു പടിഞ്ഞാറ് 70 കിലോമീറ്റര്‍ അകലെ ‘ശെഹാബ്’, ശൈബയില്‍ നിന്നു തന്നെ 120 കിലോ മീറ്റര്‍ പടിഞ്ഞാറ് ‘ശുര്‍ഫ’ വടക്കന്‍ അതിര്‍ത്തിയില്‍ അറാറില്‍ നിന്ന് 71 കിലോമീറ്റര്‍ കിഴക്ക് ‘ഉമ്മുഖന്‍സര്‍’, കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാനില്‍ നിന്ന് 221 കിലോമീറ്റര്‍ വടക്ക് ‘സംന’ എന്നിവയാണ്.