സഹോദരന്‍ ചതിച്ചു: അബുദാബിയില്‍ ചെക്ക് കേസിൽപ്പെട്ട് മലയാളി; താമസം തെരുവിൽ, നാട്ടിൽ പോയിട്ട് 3 വർഷം, പൊതുമാപ്പ് പോലും പ്രയോജനപ്പെടുത്താനാകാതെ ദുരിതത്തിൽ
അബുദാബി: പൊതുമാപ്പ് പ്രയോജനപ്പെടുത്തി പലരും നാടുപിടിക്കുമ്പോൾ നിയമക്കുരുക്കു മൂലം പോകാനാകാതെ അബുദാബിയുടെ തെരുവുകളിൽ അലയുകയാണ് മലയാളി യുവാവ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷാഫി മുസ്തഫയാണ് ചെക്ക് കേസുള്ളതിനാൽ നാട്ടിലേക്കു പോകാനാകാതെ കഴിയുന്നത്. ‘മൂന്നു വർഷമായി നാട്ടിൽ പോയിട്ട്. ഏക മകളെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. രോഗങ്ങളുമായി മല്ലിട്ടു കഴിയുന്ന ഉമ്മയെ ഒരുനോക്കു കാണണം’ – ഷാഫി പറഞ്ഞു.
.
വിസ കാലാവധി തീർന്നിട്ട് 2 വർഷമായി. നിയമലംഘകന് ജോലി നൽകാൻ ആരും തയാറായില്ല. പാർക്കിലും തെരുവിലും നിർമാണസ്ഥലങ്ങൾക്കു സമീപവുമാണ് തല ചായ്ക്കുന്നത്. പരിചയക്കാരുടെ മുറിയിലെത്തി കുളിച്ച് വേഷം മാറും. ആരെങ്കിലും എന്തെങ്കിലും നൽകിയാൽ കഴിക്കും. ഇല്ലെങ്കിൽ പട്ടിണി.
.
നേരത്തെ സൗദിയിൽ ഇലക്ട്രിക് കമ്പനിയിൽ ഏതാനും വർഷം ജോലി ചെയ്തു. അലർജി കാരണം ജോലി മാറാൻ നിർബന്ധിതനായതോടെ 2019ൽ കോവിഡിനു തൊട്ടു മുൻപ് സന്ദർശക വിസയിൽ യുഎഇയിൽ എത്തി. സൈൻ ബോർഡ് കമ്പനിയിലായിരുന്നു ജോലി. ശമ്പള കുടിശിക മൂലം ആറാം മാസത്തിൽ ആ ജോലി മതിയാക്കി. കോവിഡ് സമയത്ത് വിസ പുതുക്കാനായില്ല. ഇളവുകാലം കഴിയുന്നതിന് മുൻപ് വൻതുക നൽകി മറ്റൊരു വിസയിലേക്കു മാറി. വേറൊരു ജോലി ചെയ്തുകൊണ്ടിരിക്കെ സഹോദരൻ റഷീദ് മുസ്തഫയുടെ നിർബന്ധത്തിനു വഴങ്ങി ഇരുവരും ചേർന്ന് അബുദാബിയിൽ റസ്റ്ററന്റ് എടുത്തുനടത്താൻ തുടങ്ങിയതോടെ പ്രശ്നത്തിനും തുടക്കമായി.
.
റസ്റ്ററന്റിലെ ജീവനക്കാരെ താമസിപ്പിക്കാൻ എടുത്ത ഫ്ലാറ്റിന്റെ വാടകയ്ക്കായി ഷാഫിയുടെ ചെക്കാണ് സഹോദരൻ റഷീദ് കെട്ടിട ഉടമയ്ക്ക് നൽകിയിരുന്നത്. കച്ചവട ആവശ്യാർഥം പലർക്കായി ഇങ്ങനെ ഷാഫിയുടെ 6 ചെക്ക് നൽകി. 8 മാസമാകുമ്പോഴേക്കും കടം കുമിഞ്ഞുകൂടിയപ്പോൾ കച്ചവടം നിർത്തി സഹോദരൻ റഷീദ് മുങ്ങിയതോടെ ബാധ്യത മുഴുൻ തനിക്കായതായി ഷാഫി പറയുന്നു. പലരോടും ഇക്കാര്യങ്ങൾ ധരിപ്പിച്ച് ചെക്ക് ബാങ്കിൽ നൽകരുതെന്ന് അഭ്യർഥിച്ചെങ്കിലും കെട്ടിട ഉടമ കേസ് ഫയൽ ചെയ്തു. നിയമക്കുരുക്കിലകപ്പെട്ട് നാട്ടിലേക്കു പോകാൻ പറ്റാതായി.
.
14,500 ദിർഹം കെട്ടിട ഉടമയ്ക്ക് നൽകിയാൽ കേസ് പിൻവലിക്കാമെന്ന് അറിയിച്ചെങ്കിലും ഷാഫിയുടെ ഒരു ദിർഹം പോലുമില്ല. ഉദാരമതികളിലാണ് ഇനിയുള്ള പ്രതീക്ഷ. നിയമക്കുരുക്ക് തീർക്കാനായാൽ ഒരു ജോലി തരപ്പെടുത്തി കടബാധ്യതകൾ തീർക്കാനാണ് താൽപര്യം. സൈൻ ബോർഡ് രംഗത്ത് വർഷങ്ങളുടെ തൊഴിൽ പരിചയമുള്ളതിനാൽ ജോലി ലഭ്യമാകുമെന്നും ഷാഫി പ്രതീക്ഷിക്കുന്നു.
.