നായ ദേഹത്തേക്ക് വീണു; അമ്മയോടൊപ്പം നടക്കുകയായിരുന്ന 3 വയസുകാരിക്ക് ദാരുണാന്ത്യം – വീഡിയോ
ദേഹത്തേക്കു നായ വീണതിനെ തുടർന്നു പരുക്കേറ്റ ചികിത്സയിലായിരുന്നു മൂന്നു വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു അപകടം. മുംബ്രയിലെ അമൃതനഗറിലുള്ള തിരക്കേറിയ മാർക്കറ്റില്‍ വച്ചാണ് അപകടം നടന്നത്. അഞ്ചാം നിലയിൽനിന്നു വീണ നായ, അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന മൂന്നു വയസ്സുകാരിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു.
.
നായ വന്നു വീണതിന്റെ ശക്തിയിൽ കുട്ടിക്കു ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട നായയാണു കുട്ടിയുടെ ദേഹത്തേക്കു വീണതെന്നാണു റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കല്‍വയിലെ ഛത്രപതി ശിവജി ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കാല്‍സേകര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. നായ, കുട്ടിയുടെ ദേഹത്ത് വീഴുന്നതും പിന്നാലെ കുട്ടിയെ അമ്മ എടുത്തുകൊണ്ട് പോകുന്നതും കാണാം. നായ അല്‍പസമയത്തിനു ശേഷം എഴുന്നേറ്റു പോകാൻ ശ്രമിക്കുന്നുണ്ട്.
.
മാതാപിതാക്കളുടെ ഒറ്റമകളായിരുന്നു മരിച്ച പെണ്‍കുട്ടിയെന്നും പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞായിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ മുംബ്ര പൊലീസ് അപകടമരണത്തിനു കേസെടുത്തു. നായ വീണതെന്നു കരുതുന്ന കെട്ടിടത്തിലെ താമസക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. അഞ്ചാം നിലയിൽ താമസിച്ചിരുന്ന ജെയ്ദ് സയ്യദ് എന്ന വ്യക്തി ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട നായയെ വളർത്തിയിരുന്നുവെന്നാണു സൂചന. നായ തനിയെ ചാടിയതാണോ, ആരെങ്കിലും താഴേക്ക് മനപ്പൂർവം എടുത്ത് എറിഞ്ഞതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
.
#Thane: A dog fell on a 3-year-old girl from the 5th floor, the girl died, the entire incident in Mumbra was captured on CCTV.
The dog is a Golden Retriever, the dog is also injured.#Mumbai #Doglover #Maharashtra #Viral #Viralvideo #goldenretriever pic.twitter.com/YvKd0jBwLc
— Siraj Noorani (@sirajnoorani) August 7, 2024
.