ലീഗിനെതിരെ കോണ്‍ഗ്രസ്-സിപിഎം സഖ്യം; അവിശ്വാസ പ്രമേയം പാസായി, മലപ്പുറത്ത് ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി

മലപ്പുറം: കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. മുസ്ലീം ലീഗ് പ്രസിഡന്‍റനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്ലീം ലീഗിന്‍റെ പ്രസിഡന്‍റിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. കാവനൂർ പഞ്ചായത്തിൽ സിപിഎമ്മിന് ഏഴും കോണ്ഗ്രസിന് മൂന്നും ലീഗിന് ഒമ്പതും അംഗങ്ങളാണുള്ളത്.

.

പ്രസിഡന്‍റ് സ്ഥാനം ലീഗിനും വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനും എന്ന ധാരണയിൽ യുഡിഎഫ് ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ഭരണസമിതിയില്‍ കോണ്‍ഗ്രസും യുഡിഎഫും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. പിന്നീട് നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസും  സിപിഎമ്മും സഖ്യം ചേരുകയും സിപിഎം സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തിരുന്നു.

.

ഇതിനുപിന്നാലൊയണ് പ്രസിഡന്‍റിനെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെ ഒമ്പതിനെതിരെ പത്തു വോട്ടുകള്‍ക്ക് പ്രമേയം പാസാകുകയായിരുന്നു. ഇനി കോണ്‍ഗ്രസും സിപിഎമ്മും  സഖ്യമായി പഞ്ചായത്തില്‍ പുതിയ ഭരണസമിതി വരുമോയെന്നാണ് കണ്ടറിയേണ്ടത്. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാവന്നൂരില്‍ ലീഗിലും കോണ്‍ഗ്രസിലുമുണ്ടായ തര്‍ക്കം ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചര്‍ച്ചയാകുകയാണ്.

.

Share
error: Content is protected !!